sister-abhaya-murder-case

 മരണ വിവരം കോടതിയെ സി.ബി.ഐ അറിയിച്ചില്ല

തിരുവനന്തപുരം: സിസ്റ്രർ അഭയ വധക്കേസിൽ വിചാരണ നാളെ ആരംഭിക്കാനിരിക്കെ അഭയയുടെ മരിച്ചുപോയ പിതാവും മാതാവും അടക്കമുള്ളവർ ഹാജരാകണമെന്ന് പ്രത്യേക സി.ബി.എെ കോടതിയുടെ സമൻസ്!. സി.ബി.എെയുടെ ഗുരുതര വീഴ്ച കാരണമാണ് മരിച്ചു പോയ സാക്ഷികൾക്ക് സമൻസ് അയയ്ക്കാൻ ഇടയായത്. വിചാരണ തീയതി നിശ്ചയിച്ച അവസരത്തിൽ മരിച്ചു പോയവരുടെ വിവരങ്ങൾ സി.ബി.ഐ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഫാദർ തോമസ് എം.കോട്ടൂർ, സിസ്റ്രർ സെഫി എന്നിവരാണ് വിചാരണ നേരിടുന്നത്. അഭയ മരിച്ച് 27 വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.

അഭയയുടെ പിതാവും കേസിലെ രണ്ടാം സാക്ഷിയുമായ തോമസ് തിങ്കളാഴ്ച ഹാജരാകണം എന്നാണ് സമൻസിലുള്ളത്. 2016 ജൂണിൽ തോമസ് മരണമടഞ്ഞിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഹാജരാകാൻ സിസ്റ്രർ അഭയയുടെ മാതാവ് 2015-ൽ മരിച്ച ലീലാമ്മ, ദൃക്സാക്ഷി 2014 -ൽ മരിച്ച ചെല്ലമ്മ ദാസ്, മരിച്ചു പോയ ഇടവക വികാരി ഫാദർ തോമസ് ചാഴിക്കാടൻ, കാലം ചെയ്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി, ഈയിടെ മരണമടഞ്ഞ ഫോറൻസിക് സർജൻ ഡോക്ടർ ഉമാദത്തൻ എന്നിവർക്കും സമൻസ് അയച്ചിരിക്കയാണ്.

2009 ജൂലായ് 17ന് സി.ബി.എെ സമർപ്പിച്ച ആദ്യ കുറ്രപത്രത്തിൽ 133 സാക്ഷികളാണ് ഉണ്ടായിരുന്നത്. തുടരന്വേഷണത്തിൽ 44 സാക്ഷികളെ കൂടി ഉൾപ്പെടുത്തി.

1992 മാർച്ച് 27നാണ് സിസ്റ്രർ അഭയ കൊല്ലപ്പെട്ടത്. കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. 17 ദിവസം ലോക്കൽ പൊലീസും തുടർന്ന് ഒൻപതരമാസം ക്രെെം ബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തൽ.

1993 മാർച്ച് 29ന് സി.ബി.എെ കേസ് അന്വേഷണം ഏറ്രെടുത്തു. സി.ബി.എെ ഡിവെെ.എസ്.പി വർഗീസ് പി.തോമസ് അഭയ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തുകയും ഇക്കാര്യം കേസ് ഡയറിയിൽ എഴുതി വയ്ക്കുകയും ചെയ്തു. എന്നാൽ, ഉന്നതരുടെ സമ്മർദ്ദത്തെ തുടർന്ന് വർഗീസ് പി.തോമസ് സി.ബി.എെയിൽ നിന്ന് രാജിവച്ചു. 2008 നവംബർ 18ന് സി.ബി.എെ എ.എസ്.പി നന്ദകുമാർ മേനോന്റെ നേതൃത്വത്തിൽ ഫാദർ തോമസ് എം.കോട്ടൂർ, ഫാദർ ജോസ് പൂതൃക്കയിൽ, സിസ്റ്രർ സെഫി എന്നിവരെ അറസ്റ്റ് ചെയ്തു.

ഇൻക്വസ്റ്റിൽ തിരിമറി നടത്തി എന്നാരോപിച്ച് കോട്ടയം വെസ്റ്ര് സ്റ്രേഷൻ എ.എസ്.എെ ആയിരുന്ന വി.വി. അഗസ്റ്റിനെ മരിച്ച ശേഷം പ്രതിയാക്കി 2009 ജൂലായ് 17ന് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. തെളിവ് നശിപ്പിച്ചു എന്നാരോപിച്ച് ക്രെെം ബ്രാഞ്ച് ഡിവെെ.എസ്.പി കെ. സാമുവലിനെയും അദ്ദേഹത്തിന്റെ മരണശേഷം 2015 ജൂൺ 29ന് പ്രതിചേർത്തു.

ക്രെെം ബ്രാഞ്ചിന്റെ അന്വേഷണച്ചുമതല ഉണ്ടായിരുന്ന എസ്.പി കെ.ടി. മെെക്കിളിനെ പ്രതിയാക്കാതെ മരിച്ചവരെ പ്രതിചേർത്ത വിചിത്ര നടപടിക്കെതിരെ സിസ്റ്രർ അഭയ ആക്‌ഷൻ കൗൺസിൽ കോടതിയെ സമീപിച്ചു. 2018 ജനുവരി 22ന് വിചാരണക്കോടതി കെ.ടി.മെെക്കിളിനെ പ്രതിയാക്കി. തുടർന്ന് പ്രതികൾ നൽകിയ വിടുതൽ ഹർജിയിൽ തെളിവുകളുടെ അഭാവത്തിൽ ഫാദർ ജോസ് പൂതൃക്കയിലിനെ വെറുതേ വിട്ടു. ഹെെക്കോടതിയെ സമീപിച്ച കെ.ടി.മെെക്കിളിനെയും പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.