balabhaskar-

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ അപകടമുണ്ടായപ്പോൾ കാറോടിച്ചിരുന്നത് ഡ്രൈവർ അർജുനായിരുന്നെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. സ്​റ്റിയറിംഗിലെയും സീ​റ്റ് ബെൽ​റ്റിലെയും വിരലടയാളം, സീ​റ്റിലുണ്ടായിരുന്ന മുടിയിഴകൾ, രക്തം എന്നിവ പരിശോധിച്ചാണ് കാറോടിച്ചയാളെ സ്ഥിരീകരിച്ചത്. ഫോറൻസിക് സയൻസ് ലബോറട്ടിയിൽനിന്നുള്ള പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് കൈമാറി. 120 കിലോമീറ്റർ വേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ബാലഭാസ്‌കർ മദ്ധ്യഭാഗത്തെ സീ​റ്റിൽ കിടന്ന അവസ്ഥയിലായിരുന്നു. സീ​റ്റ് ബെൽ​റ്റിട്ടിരുന്നത് ലക്ഷ്മി മാത്രമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. അർജുനെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും.

അപകടത്തിനു പിന്നിൽ ബാഹ്യ ഇടപെടലുകളില്ലെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. കാറോടിച്ചത് താനായിരുന്നെന്ന് ആദ്യം പറഞ്ഞ അർജുൻ, ബാലഭാസ്കർ മരിച്ചതോടെ മൊഴിമാറ്റി. ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നായിരുന്നു പൊലീസിന് നൽകിയ മൊഴി. അർജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. ഇതോടെയാണ് അപകടത്തിൽ ദുരൂഹതയുണ്ടായത്. ബാലുവിന്റെ പിതാവ് ഉണ്ണിയുടെ പരാതിപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം അപകടം പുനരാവിഷ്‌കരിച്ചിരുന്നു. മരത്തിലിടിച്ചാൽ എത്രത്തോളം നാശനഷ്ടമുണ്ടാകും, അമിതവേഗതയിൽ വന്നാൽ വാഹനം എതിർവശത്തേക്ക് തിരിഞ്ഞു മരത്തിലിടിക്കാൻ സാദ്ധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. കാർ കമ്പനിയുടെ എൻജിനിയർമാരും ഫോറൻസിക് വിദഗ്ദ്ധരുമടങ്ങിയ സംഘവും ക്രൈംബ്രാഞ്ചിന്റെ സഹായത്തിനെത്തി. കാറിലുണ്ടായിരുന്നവർക്കേറ്റ മുറിവുകളും പരിക്കുകളും ഫോറൻസിക് സംഘം വിശകലനം ചെയ്തു. അർജുന്റെ തലയ്ക്കും കാലിനുമുണ്ടായ പരിക്കുകൾ സൂചിപ്പിക്കുന്നത് അപകടസമയത്ത് അർജുൻ ഡ്രൈവിംഗ് സീ​റ്റിലായിരുന്നുവെന്നാണ്. ഇന്നോവ കമ്പനി എൻജിനിയർമാരും സമാനമായ റിപ്പോർട്ടാണ് നൽകിയത്. അർജുൻ മൊഴി മാ​റ്റിയതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും.

തൃശൂരിൽ ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങുമ്പോൾ സെപ്തംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. മകൾ അപകടസ്ഥലത്തും ബാലഭാസ്‌കർ ആശുപത്രിയിലും മരിച്ചു. ഭാര്യയ്ക്കും ഡ്രൈവർ അർജുനും ഗുരുതരമായി പരിക്കേ​റ്റിരുന്നു.