sreedharan-pilla

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തെറ്റുപറ്റിയെന്ന് പറയുന്ന സി.പി.എം അത് തിരുത്തി മാപ്പു പറയാൻ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. അയ്യപ്പഭക്തർക്കെതിരെ പൊലീസ് എടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. കുടുംബാംഗങ്ങളെ ക്ഷേത്രത്തിൽ അയയ്ക്കാതെ നേതാക്കൾ തന്നെ ശബരിമലയിലെത്തി അപരാധം ഏറ്റു പറഞ്ഞ് ആത്മാർത്ഥത തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ദേശീയതയെയും ആത്മീയ ഔന്നത്യത്തെയും എപ്പോഴും കുത്തിവീഴ്ത്താൻ ശ്രമിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അനിവാര്യമായ പതനമാണ് ഉണ്ടായിരിക്കുന്നത്. കാശ്മീരിനെ അധിനിവേശ പ്രദേശമാക്കിയെന്നും മറ്റൊരു പലസ്തീൻ ആക്കിയെന്നുമുള്ള സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ വാക്കുകളുടെ തനിയാവർത്തനമാണ്. ഇത് രാജ്യ വിരുദ്ധ പ്രസ്താവനയാണ്. ശശി തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസിലെ മൂന്നു മുതിർന്ന നേതാക്കളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി വന്ന പ്രതികരണങ്ങൾ വൈകിവന്ന വിവേകമാണ്.

ജയറാം രമേശ്, അഭഷേക് സിംഗ്‌വി, ശശി തരൂർ എന്നിവരുടെ പ്രതികരണങ്ങൾ ദേശീയ ചർച്ചയ്ക്കു വിധേയമാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.