psc

തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് കാട്ടിയ കേസിൽ പ്രതികളായ ശിവരഞ്ജിത്തിന്റെയും നസീമിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളായ ഇരുവരും സഹപാഠിയെ വധിക്കാൻ ശ്രമിച്ച കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രതികൾക്കെതിരെ ഗൂഢാലോചന, വിശ്വാസ വഞ്ചന, കു​റ്റകൃത്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയും പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനുമായ പ്രണവ്, പരീക്ഷാ സമയത്ത് സന്ദേശങ്ങൾ ഫോണിലൂടെ നൽകിയ പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ ഗോകുൽ, കല്ലറ സ്വദേശി സഫീർ എന്നിവരാണ് മറ്റു പ്രതികൾ. സഫീർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇതിനുശേഷം എല്ലാ പ്രതികളെയും പിടികൂടും. പ്രതികളുടെ, പരീക്ഷയ്ക്ക് മുമ്പുള്ള മൊബൈൽ ഫോൺ വിവരങ്ങൾ നൽകാൻ സേവനദാതാക്കളോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുവർഷം മുൻപുള്ള വിവരങ്ങളായതിനാൽ ഇവ ലഭിക്കാൻ സാവകാശമെടുക്കും. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട, പരീക്ഷയെ സംബന്ധിച്ച ചില വിവരങ്ങൾ പി.എസ്.സിയും ഇതുവരെ കൈമാറിയിട്ടില്ല.