പോത്തൻകോട് : കഴക്കൂട്ടം സൈനിക സ്‌കൂളിന് സമീപം വാഹനാപകടത്തിൽ തൃശൂർ സ്വദേശിയായ യുവാവ് മരിച്ചു. തൃശൂർ, തിരുവില്വാമല, കുത്തംപുള്ളി വീട്ടിൽ സത്യശീലന്റെയും മല്ലികയുടെയും മകൻ വിനീത് ശീലൻ (34 ) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിനീതിനെ ആംബുലൻസിൽ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 1.30 ന് മരിച്ചു.
കഴക്കൂട്ടം കിൻഫ്രയിലെ ഇ.വി.വൈ. സെക്യൂരിറ്റി കൻസൾട്ടന്റായ വിനീത് ജോലികഴിഞ്ഞ് ബുള്ളറ്റിൽ താമസസ്ഥലത്തേക്ക് പോകവെ ബുള്ളറ്റ് റോഡിൽ മറിയുകയായിരുന്നു.എന്നാൽ ബുള്ളറ്റിന് പിന്നിൽ അമിത വേഗതയിൽ എത്തിയ വാഹനം ബുള്ളറ്റിന്റെ പിന്നിൽ തട്ടിയാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു. അവിവാഹിതനായ വിനീതിന് രണ്ട് സഹോദരന്മാർ ഉണ്ട്.