jail

തിരുവനന്തപുരം: തടവുകാരുടെ ഫോൺവിളി പൂർണമായി അവസാനിപ്പിക്കാൻ സെൻട്രൽ ജയിലുകളിൽ അഞ്ചര കോടി രൂപ ചെലവിട്ട് ശക്തിയേറിയ മൊബൈൽ ജാമറുകൾ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. തടവുകാർ പുറത്തു നിന്ന് ഫോൺ കൊണ്ടുവരുന്നതും ജീവനക്കാർ തടവുകാർക്ക് ഫോൺ നൽകുന്നതും കണ്ടെത്തിയതോടെ സെൻട്രൽ ജയിലുകളിൽ മൊബൈലിന് സമ്പൂർണ നിരോധനം ഏർപ്പെടുത്താനാണ് തീരുമാനം. എങ്കിലും മുൻകരുതലായാണ് ജാമറുകൾ സ്ഥാപിക്കുന്നത്.

ജീവനക്കാരും ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കില്ല. അവർക്ക് ആശയവിനിമയം നടത്താൻ പൊലീസിലേതുപോലെ ടെട്രാ വയർലെസ് സംവിധാനം ഒരുക്കും. ഇതിനായി പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ ടവർ സ്ഥാപിച്ചു. വയർലെസിനുള്ള ഫ്രീക്വൻസി അനുവദിക്കുന്നതിന് സ്‌പെക്ട്രം ചാർജായി 4.17 ലക്ഷം രൂപ ടെലികോം വകുപ്പിന് നൽകാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഒക്ടോബറിൽ വയർലെസ് സജ്ജമാവും. എല്ലാ സേവനദാതാക്കളുടെയും 4-ജി വരെയുള്ള സേവനങ്ങൾ തടയുന്നതാണ് ജാമറുകൾ. ഓരോ ജയിലിലും മൂന്നു ജാമറുകളുണ്ടാവും. മുൻപ് പൂജപ്പുരയിൽ ജാമർ സ്ഥാപിച്ചപ്പോൾ പ്രദേശവാസികളുടെ മൊബൈൽ സേവനം തടസപ്പെട്ടിരുന്നു. ഇത്തവണ അത് ഉണ്ടാകാതെ നോക്കും.

130 വർഷം പഴക്കമുള്ള പൂജപ്പുര സെൻട്രൽ ജയിലിലെ സുരക്ഷാ പഴുതുകൾ മുൻ ജയിൽമേധാവി അനിൽകാന്തും പിന്നീട് ആഭ്യന്തരസെക്രട്ടറിയുടെ അവലോകനത്തിലും കണ്ടെത്തിയിരുന്നു. ജയിലിൽ നിന്ന് തടവുകാർ പുറത്ത് ക്വട്ടേഷനും സ്വർണക്കവർച്ചയും ഫോണിലൂടെ ആസൂത്രണം ചെയ്തതും കണ്ടെത്തിയിരുന്നു.

ഉപ്പിനെ വെല്ലും ജാമർ

2007ൽ 20 ലക്ഷം മുടക്കി കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാപിച്ച ജാമർ തടവുകാർ ഉപ്പിട്ട് കേടാക്കിയിരുന്നു. എൻജിനിയറിംഗ് ബിരുദധാരിയായ തടവുകാരന്റെ ബുദ്ധിയിൽ ഉദിച്ച ഈ വിദ്യ പിന്നീട് പൂജപ്പുരയിലും തടവുകാർ വിജയകരമായി പ്രയോഗിച്ചിരുന്നു. തടവുകാർക്ക് എത്താത്ത ഉയരത്തിലായിരിക്കും പുതിയ ജാമറുകൾ സ്ഥാപിക്കുക.

ടെട്രാ വയർലെസ്

എസ്.എം.എസ് സൗകര്യം

 ദൂരപരിധി കുറഞ്ഞ സിഗ്നലുകൾ ചോർത്താനാവില്ല.

പൊലീസിന്റെ വി.എച്ച്.എഫ് സെറ്റിനെക്കാൾ വ്യക്തമായ ശബ്ദ സിഗ്നലുകൾ

''വയർലെസ് ഫ്രീക്വൻസി കേന്ദ്രം ഉടൻ അനുവദിക്കും. ജാമർ സ്ഥാപിക്കാൻ മൂന്ന് കമ്പനികളുമായി ചർച്ച നടത്തി. എൻ.ഐ.സിക്കാണ് ചുമതല. ഇതോടെ തടവുകാരുടെ ഫോൺവിളി നിലയ്ക്കും.''

എസ്. സന്തോഷ്

ജയിൽ ഡി.ഐ.ജി