crime

ബാലരാമപുരം: കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ടവരെ കുറിച്ച് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയ റിട്ട. എ.എസ്.ഐയെ മർദ്ദിച്ച യുവാവ് പിടിയിൽ. ഐത്തിയൂർ ചാമവിള അശ്വതി ഭവനിൽ അരുൺ (35)​ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെ ഐത്തിയൂർ ചാമവിള തിരുവാതിര വീട്ടിൽ റിട്ട. എ.എസ്.ഐ സോമന്റെ വീട്ടിൽ കയറിയാണ് പ്രതി ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്പിച്ചത്. കഞ്ചാവ് സംഘത്തെക്കുറിച്ച് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന വൈരാഗ്യം കുറച്ച് ദിവസമായി അക്രമി മനസിൽ സൂക്ഷിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയതോടെ സോമനെ വീട് കയറി ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. ചാമവിള ഭാഗത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കിയിട്ട് മാസങ്ങളായെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഈ ഭാഗത്ത താമസക്കാരാരും രാത്രി 7 കഴിഞ്ഞാൽ നടക്കുന്ന സംഭവത്തിൽ ശ്രദ്ധാലുക്കളല്ല. രാത്രി പത്ത് മണി കഴിഞ്ഞാലും വീടുകളിൽ പോകാതെ യുവാക്കൽ തമ്പടിക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. ചാമവിളയിൽ ബീറ്റ് പട്രോളിംഗ് ശക്തമാക്കി ലഹരിമാഫിയ സംഘത്തെ തുരത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.