തിരുവനന്തപുരം: സ്വന്തം നഗരത്തിൽ നൃത്തം അവതരിപ്പിക്കുകയെന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ നിർവൃതിയിലാണ് ഒ.എൻ.വിയുടെ കൊച്ചുമകൾ അമൃത ജയകൃഷ്ണൻ. 'ആംഗിക' എന്ന പേരിൽ നൃത്തത്തിനും അഭിനയത്തിനും ഒരുപോലെ പ്രധാന്യമുള്ള കലാപ്രകടനമൊരുക്കിയാണ് അമൃത കാണികളുടെ മനം കവർന്നത്. കുച്ചിപ്പുടിയിലെ നാല് മനോഹര നൃത്തങ്ങളാണ് അമൃത തൈക്കാട് ഗണേശത്തിലെ സായാഹ്നത്തിൽ അവതരിപ്പിച്ചത്.
ലണ്ടനിൽ ബിസിനസ് ഡെവലപ്‌മെന്റ് കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നതിനൊപ്പം നൃത്തവും മുന്നോട്ടു കൊണ്ടുപോകുന്ന അമൃതയ്ക്ക് ഗുരുജനങ്ങൾക്കും നാട്ടുകാർക്കും മുന്നിൽ നൃത്തമവതരിപ്പിക്കുക എന്നത് ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു. ഇതിന്റെ സാക്ഷാത്കാരത്തിനായി ലണ്ടനിലെ ജോലിയിൽനിന്ന് ഹ്രസ്വ ഇടവേളയെടുത്താണ് നാട്ടിലെത്തിയത്.
നൃത്താവതരണത്തിനുമുമ്പ് ഗുരുക്കന്മാരായ അനുപമ മോഹൻ, ശ്രീദേവി മോഹൻ, ജയകിഷോർ എന്നിവർ വേദിയിലെത്തി അമൃതയെ അനുഗ്രഹിച്ചു. അമൃതയുടെ സഹോദരിയും ഗായികയുമായ അപർണ രാജീവ് ഗണേശസ്തുതി പാടി അവതരണത്തിന് തുടക്കമിട്ടു. ആദ്യപകുതിയിൽ വേമ്പട്ടി ചിന്നസത്യത്തിന്റെ പ്രിയങ്കരമായ രണ്ടു കൃതികൾ, പിന്നീട് ഗുരു അനുപമ മോഹൻ ചിട്ടപ്പെടുത്തിയ 'മായാഗോപാലാ' എന്ന നൃത്തവും അവതരിപ്പിച്ചു. നടനകലാ മൂർത്തിയായ നടരാജനെ പ്രകീർത്തിച്ചുകൊണ്ടുള്ള ദ്രുതചലനങ്ങളാൽ സമ്പന്നമായ പുഷ്പാഞ്ജലി അവതരണത്തോടെ തുടങ്ങി ശ്രീകൃഷ്ണന്റെ ഒരേയൊരു പ്രണയിനിയും ഏറ്റവും പ്രിയപ്പെട്ടവളുമായി സത്യഭാമ സ്വയം വാഴ്ത്തുന്ന 'ഭാമാകലാപ'വുമായി ആദ്യപകുതി പര്യവസാനിക്കുന്നു.
കൃഷ്ണവിരഹത്താൽ നീരസപ്പെടുന്ന സത്യഭാമയാണ് തുടർന്ന് രംഗത്തെത്തുന്നത്. ദ്രൗപദിയെ രക്ഷിക്കുന്നതും അർജുനന് ഗീതോപദേശം നൽകുന്നതും ഗജേന്ദ്രമോക്ഷം, ഗോവർദ്ധനോദ്ധാരണം തുടങ്ങി കൃഷ്ണന്റെ സാഹസവൃത്തികളും സത്യഭാമ ഓർക്കുന്നു. അഭിനയപ്രധാനമായ നൃത്തഭാഗമാണിത്. മഹിഷാസുര മർദ്ദിനിയായ ദുർഗാദേവിയോടുള്ള പ്രാർത്ഥനയോടെയാണ് നൃത്തം അവസാനിക്കുന്നത്.
നൃത്താവതരണത്തിനുശേഷം ഒ.എൻ.വിയുടെ മകളും അമൃതയുടെ അമ്മയുമായ ഡോ.മായാദേവി അമൃതയ്‌ക്കൊപ്പം വേദിയിലെത്തി സദസിന് നന്ദിപറഞ്ഞു. റിഗാറ്റയിൽ ഗിരിജാചന്ദ്രന്റെ കീഴിൽ നൃത്തമഭ്യസിച്ചാണ് അമൃതയുടെ തുടക്കം. പിന്നീട് അമ്മയിൽനിന്നും ശ്രീദേവി രാജനിൽ നിന്നും മോഹിനിയാട്ടം അഭ്യസിച്ചു. 2008 മുതൽ താത്പര്യം കുച്ചിപ്പുടിയിലായി. അനുപമ മോഹന്റെ കീഴിലായിരുന്നു പഠനം. 2016ൽ മായാലോക പ്രൊഡക്ഷൻസ് എന്ന പേരിൽ നൃത്ത കമ്പനി ആരംഭിച്ചു. യൂറോപ്പിലെ പല വേദികളിലും നൃത്തം അവതരിപ്പിച്ചു.