adoor

തിരുവനന്തപുരം: ചിലർ പരസ്യമായി അവഹേളിച്ചപ്പോഴും വലിയ വിഷമമൊന്നും തോന്നിയിരുന്നില്ലെന്നും അത് അവരുടെ അറിവില്ലായ്മയാണെന്ന് ധാരണയുണ്ടായിരുന്നതായും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ചട്ടമ്പിസ്വാമി സ്മാരക സമിതിയുടെ ഇക്കൊല്ലത്തെ ചട്ടമ്പിസ്വാമി പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

അറിവില്ലായ്മ കൊണ്ടാണ് ചിലർ അവഹേളിക്കുന്നതെന്ന് അറിയാവുന്നതിനാൽ ക്ഷോഭിക്കാറില്ല. അറിവുള്ളവർ പറയുന്നത് കേൾക്കും.- അടൂർ പറഞ്ഞു.

അടൂരിനെ അപമാനിക്കാൻ ശ്രമിച്ചതിലല്ല, വിവേകമുണ്ടെന്ന് കരുതിയിരുന്നവർ പോലും അതിനെതിരെ ഒന്നും ഉരിയാടാതിരുന്നതിലാണ് സാംസ്‌കാരിക കേരളം ലജ്ജിക്കേണ്ടതെന്ന് പുരസ്‌കാരം സമ്മാനിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

വേദപുരാണങ്ങളുടെ കുത്തക ആർക്കും അവകാശപ്പെടാനുള്ളതല്ലെന്ന് സ്ഥാപിച്ചയാളാണ് ചട്ടമ്പിസ്വാമിയെന്നും കടകംപള്ളി പറഞ്ഞു.

166-ാമത് ചട്ടമ്പിസ്വാമി ജയന്തി സമ്മേളനവും മന്ത്രി ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ കെ.അനിൽകുമാർ, നർത്തകി ചിത്രാമോഹൻ, മുൻ ഡിവൈ.എസ്.പി. കരുമം രാധാകൃഷ്ണൻ, ജീവകാരുണ്യ പ്രവർത്തകൻ ഡോ.എൻ.ആർ.കെ.പിള്ള തുടങ്ങിയവർക്കും പുരസ്‌കാരങ്ങൾ നൽകി.
വി.എസ്. ശിവകുമാർ എം.എൽ.എ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്മാരകസമിതി പ്രസിഡന്റ് എസ്.ആർ. കൃഷ്ണകുമാർ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ആർ.എസ്. വിജയമോഹൻ, വിളപ്പിൽ രാധാകൃഷ്ണൻ, സബീർ തിരുമല തുടങ്ങിയവർ സംസാരിച്ചു.