തിരുവനന്തപുരം: വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുടെ സ്വർണം റവന്യൂ ഇന്റലിജൻസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബീമാപള്ളി സ്വദേശി മുഹമ്മദ് റഫീലിനെ (21) കസ്റ്റംസ് അറസ്റ്റുചെയ്തു. കുഴമ്പ് രൂപത്തിലാക്കി കാലുകളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചിരുന്ന മൂന്നരക്കിലോ സ്വർണം ഇയാളിൽ നിന്ന് കണ്ടെത്തി. പ്രോട്ടീൻ പൗഡറുമായി കൂട്ടിക്കുഴച്ച് കുഴമ്പ് രൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവറുകളിലാക്കി രണ്ട് തുടകളിലുമായി ചേർത്ത് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചും അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചും കടത്താനായിരുന്നു ഇയാളുടെ ശ്രമം. ഇന്നലെ പുലർച്ചെ 4.30ന് ദുബായിയിൽ നിന്നാണ് ഇയാൾ തിരുവനന്തപുരത്തെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്കിടെ ഇയാൾ ധൃതി കാണിച്ചതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ മുറിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് തുടകളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചിരുന്ന സ്വർണം കണ്ടെത്തിയത്. ഒരു മാസം മുമ്പ് സന്ദർശക വിസയിലാണ് മുഹമ്മദ് റഫീൽ ഷാർജയിലേക്ക് പോയത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി. കസ്റ്റംസ് എയർ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്ണേന്ദു മിന്റു രാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.