guruprakasham

ഏതൊരു നാട്ടിലും നല്ല കാര്യങ്ങൾ ചെയ്യുന്നവരുടെ എണ്ണം എപ്പോഴും കുറവും നല്ലതല്ലാത്തത് ചെയ്യുന്നവരുടെ എണ്ണം കൂടുതലുമായിരിക്കും. അതുപോലെ നല്ല കാര്യങ്ങൾ ചെയ്യുന്നവരെപ്പറ്റി നല്ലതു പറയുന്നവരുടെ എണ്ണം കുറഞ്ഞും നല്ലതല്ലാത്തതു പറയുന്നവരുടെ എണ്ണം കൂടിയുമിരിക്കും. ഇത് മനുഷ്യരുടെ പൊതുസ്വഭാവമാണ്. എന്നാൽ നല്ലത് പറയാനും കേൾക്കാനും ചെയ്യാനും ഓർമ്മിക്കാനും കഴിയുന്നവരുടെ എണ്ണം കുറഞ്ഞാൽ അധർമ്മം പെരുകും.


തങ്ങളെപ്പറ്റി മറ്റുള്ളവർ നല്ലതു പറയണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. നല്ലതല്ലാത്തത് പറയുന്നവന്റെയും ചെയ്യുന്നവന്റെയും ആഗ്രഹവും ഇതിൽനിന്നു ഭിന്നമാവില്ല. പക്ഷേ ഇതും സാദ്ധ്യമാകാത്ത ഒരാഗ്രഹമായി തീരുകയാണ് പതിവ്. കാരണം തന്നെപ്പറ്റി മറ്റൊരുവൻ നല്ലതു പറയണമെന്ന് ആഗ്രഹിക്കുന്നവൻ മറ്റൊരുവനെപ്പറ്റി നല്ലത് പറയാറില്ല. താൻ ചെയ്യാത്തത് മറ്റൊരാൾ ചെയ്യണമെന്നു ഒരുവൻ ആഗ്രഹിക്കുന്നതു എന്തുകൊണ്ടാണ്? അതിലെ യുക്തിഹീനത എന്തുകൊണ്ടാണ് സ്വയംവിചാരത്തിനു പോലും വിധേയമാക്കാത്തത്. ഈ ചോദ്യത്തിന് ഉത്തരം കൃത്യമായി കണ്ടെത്താൻ എല്ലാവർക്കും കഴിയണം. അതിനു കഴിയുമ്പോഴേ ഒരുവനു മറ്റൊരുവനെ അംഗീകരിക്കാനുള്ള മനസമ്മതം ഉണ്ടാവൂ. ഇങ്ങനെയൊരു മനസമ്മതം എന്ന് രൂപപ്പെട്ടു വരുന്നുവോ അന്നേ മറ്റൊരുവനെക്കുറിച്ച് നല്ലതു പറയാൻ നമുക്ക് സാധിക്കൂ.

നമ്മളെക്കുറിച്ച് നല്ലതു പറയാൻ മറ്റുള്ളവരുണ്ടാകണമെങ്കിൽ മറ്റുള്ളവരെക്കുറിച്ച് നമ്മളും നല്ലതു പറയണം. ഇങ്ങനെ നല്ലതു പറയാനും കേൾക്കാനും പ്രവർത്തിക്കാനും കഴിയുന്ന സമൂഹം രൂപപ്പെടുമ്പോഴാണു നല്ലതല്ലാത്തതെല്ലാം മറഞ്ഞുപോകാനുള്ള സാഹചര്യമുണ്ടാകുന്നത്. ഇപ്രകാരം നല്ലതെല്ലാം തെളിഞ്ഞുവരികയും നല്ലതല്ലാത്തതെല്ലാം മറഞ്ഞുപോവുകയും ചെയ്യുന്നവിധം മനസിനെ രൂപാന്തരപ്പെടുത്താനായാൽ ഒരാളിനെക്കുറിച്ച് അപവാദം പറയാൻ ആരുമുണ്ടാവില്ല . മനസിന്റെ നവീകരണം കൊണ്ടാണു ഇതു സാദ്ധ്യമാകേണ്ടത്. ഇത്തരമൊരു നവീകരണത്തിന്റെ പൂർണതയിലേക്ക് ജനങ്ങളെ നയിക്കാനാണ് യേശുദേവൻ 'നിനക്കുവേണ്ടി മറ്റൊരുവൻ എന്തുചെയ്യണമെന്നു നീ ആഗ്രഹിക്കുന്നുവോ അതുപോലെ നീ മറ്റൊരുവനു വേണ്ടിയും ചെയ്യുക' എന്നു പറഞ്ഞത്. ഈ പൊരുളിന്റെ കൂടുതൽ വിശാലമായ മറ്റൊരു ആശയമണ്ഡലമാണ് ഗുരുദേവതൃപ്പാദങ്ങൾ ആത്മോപദേശശതകത്തിലൂടെ പുതിയ തലമുറയ്‌ക്കു മുന്നിൽ തുറന്നു വയ്‌ക്കുന്നത്.


അവനവനാത്മസുഖത്തിനാചരിക്കുന്ന-
വയപരന്നു സുഖത്തിനായ് വരേണം.


നല്ലതുമാത്രം പറയാനും കേൾക്കാനും വിചാരിക്കാനും പ്രവർത്തിക്കാനും മനപ്പാകം വന്നവനു മാത്രം ആചരിക്കാനാവുന്ന കർമ്മദർശനമാണിത്. ഏതൊന്നിന്റെയും സോദ്ദേശ്യത എന്തെന്നും അത് സഫലീകൃതമാക്കേണ്ടത് എപ്രകാരമെന്നും ചിന്തിച്ചുറപ്പു വരുത്താനും നടപ്പിൽ വരുത്താനും മനസും വിവേകവും ഉള്ളവനാണു മനുഷ്യൻ. മനുഷ്യനല്ലാതെ മറ്റൊരു ജീവിക്കും ഈ പ്രപഞ്ചത്തിൽ അതിനുള്ള ശേഷി ഈശ്വരൻ കൊടുത്തിട്ടില്ല. ഈശ്വരൻ മനുഷ്യനെ സൃഷ്‌ടിച്ചിരിക്കുന്നതു, നല്ലതുകൊണ്ട് ഈ പ്രപഞ്ചത്തെ നല്ലതായി പരിപാലിക്കാനാണ്. അതിനു സാദ്ധ്യമാകാതെ വന്നാൽ മനുഷ്യൻ അവന്റെ ആത്മസത്തയിൽ നിന്നും അകന്നു പോകും.


ഒരു വിളക്ക് കൊളുത്തിവയ്‌ക്കുമ്പോഴാണ് അതിന്റെ ചുറ്റുവട്ടം പ്രകാശപൂരിതമാകുന്നത്. ആ പ്രകാശവലയത്തിൽ എന്തെല്ലാമാണോ ഉള്ളത് അവയെല്ലാം അപ്പോൾ മറയില്ലാതെ തെളിയപ്പെടുകയാണ്. ഈ തെളിയപ്പെടലിനായി ഉണ്ടാക്കപ്പെട്ടവയാണ് വിളക്ക്. എന്നാൽ ഒരു കൂട്ടം വിളക്കുകൾ കൊളുത്തപ്പെടാതെ ഇരുട്ടത്ത് കിടക്കുകയാണെങ്കിൽ അതു വെറുമൊരു പാഴ്‌വസ്‌തുവായിരിക്കുകയേയുള്ളൂ. ഇതുപോലെ മനുഷ്യനിൽ നിന്നു നല്ലത് പ്രകാശിക്കുമ്പോഴാണ് അവൻ സോദ്ദേശ്യതയുടെ പരികർത്താവായും പരിപാലകനായും തീരുന്നത്.


ഇപ്രകാരം നല്ലതിന്റെ പ്രതിരൂപമായും നല്ലതിന്റെ പ്രകാശകനായും പ്രതിഭയായും മനുഷ്യൻ മാറണം. അത്തരമൊരു മാറ്റം വരുത്താൻ അവതരിച്ചവരാണ് ഗുരുക്കന്മാർ. ഗുരുദേവൻ സദാചാരം എന്ന ലഘുകൃതിയിൽ പറഞ്ഞിരിക്കുന്നത് ഇതിന്റെ തന്നെ ഒരു ഓർമ്മസൂചികയാണെന്നു പറയാം.


'നല്ലതല്ലൊരുവൻ ചെയ്‌ത നല്ലകാര്യം മറപ്പത്
നല്ലതല്ലാത്തതുടനേ മറന്നീടുന്നതുത്തമം.'


ഒരുവൻ മറ്റൊരുവന്റെ നന്മയ്‌ക്കായി ചിന്തകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ചെയ്യുന്നവയാണ് നല്ല കാര്യം. അത് മറക്കുന്നതോ മറന്നതായി നടിക്കുന്നതോ നല്ലതല്ല. അത് ഒരു നല്ല മനുഷ്യന്റെ ലക്ഷണവുമല്ല. മറ്റൊരുവനിൽ നിന്നും നമ്മുടെ നന്മയെ ഹനിക്കുംവിധം എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് അപ്പഴേ മറന്നുകളയുന്നതാണു നല്ലത്. അതല്ലെങ്കിൽ നമ്മുടെ മനസ് മലിനപ്പെട്ടുപോകും. മനസ് മലിനപ്പെട്ടാൽ വാക്കും വിചാരവും കർമ്മങ്ങളുമെല്ലാം ശുദ്ധിയില്ലാത്തതായിത്തീരും.
നല്ലതു ചെയ്യുന്നവനെ വേഗം മറന്നുപോവുകയും നല്ലതല്ലാത്തത് ചെയ്യുന്നവനെ മറക്കാതിരിക്കുകയും ചെയ്യുന്ന ലോകമാണ് നമ്മുടെ കൺമുന്നിലുള്ളത്. മറ്റൊരുവനെ നല്ലതെന്നു പറയാനാവാത്തവിധം നമ്മൾ അതിവേഗം മാറുകയാണ്. ഒരുവന്റെ വാഴ്‌ചയേക്കാൾ അവന്റെ വീഴ്‌ച കാണാൻ കാത്തിരിക്കുന്നവനായി മനുഷ്യൻ മാറുകയാണ്. ഈ മാറ്റം കൊണ്ട് സ്വയം ചെറുതായിപ്പോകുന്ന ഒരുവൻ മറ്റെന്തെല്ലാം ഉണ്ടായിരുന്നാലും വലിയവനാവുകയില്ല.


ഒരിക്കൽ, ഒരു വലിയ പണ്ഡിതനും തത്ത്വവിശാരദനുമാണ് താനെന്നു സ്വയം പ്രഖ്യാപിച്ചിരുന്ന ഒരാൾ വാദപ്രതിവാദത്തിനായി മുല്ലാ നസുറുദീനെ ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച അദ്ദേഹം അതിനുള്ള സമയവും ഭവനവും നിശ്ചയിച്ചു. പക്ഷേ വാദപ്രതിവാദത്തിനായി പണ്ഡിതൻ സഹചാരികളുമൊത്ത് എത്തിച്ചേർന്നപ്പോൾ മുല്ലാ അവിടെയുണ്ടായിരുന്നില്ല. കുപിതനായിത്തീർന്ന പണ്ഡിതൻ മുല്ലായെ അധിക്ഷേപിക്കും വിധം 'പടു വിഡ്ഢി' എന്നു വലിയ അക്ഷരത്തിലെഴുതി വീട്ടുപടിക്കൽ പതിച്ചു. കുറേനേരം കഴിഞ്ഞ് അവിടെയെത്തിയ മുല്ലാ ഇതുകണ്ടു. ഉടനെ അദ്ദേഹം ആ പണ്ഡിതന്റെ ഭവനത്തിലേക്കോടിയെത്തി അയാളോട് ഇപ്രകാരം പറഞ്ഞു. 'ക്ഷമിക്കണം. അങ്ങയുടെ പേരെഴുതി പതിച്ചിരിക്കുന്നതു കണ്ടപ്പോഴാണ് വാദപ്രതിവാദത്തിന്റെ കാര്യം ഓർമ്മയിലെത്തിയത്.'


അതുകേട്ടു പാണ്ഡിത്യത്തിന്റെ വലിപ്പത്തിൽ അഹങ്കരിച്ചിരുന്ന പണ്ഡിതൻ ഇളിഭ്യനായി.
നമ്മളുണ്ടാക്കുന്ന വലിപ്പം കൊണ്ട് നമ്മളൊന്നുമാകില്ലെന്ന ചിന്തയുണ്ടായാൽ അതുതന്നെ നല്ലതിലേക്കുള്ള ഒരു തുടക്കമായിത്തീരും.