kuzhal-kinar

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കാനായി നടപ്പിലാക്കി വരുന്ന കുഴൽകിണർ കുടിവെള്ള പദ്ധതി തുടക്കത്തിലെ പാളി. കടുത്ത വേനൽ സമയത്ത് വിവിധ വാർഡുകളിലായി 11 ഓളം കുഴൽകിണറുകൾ കുഴിച്ചെങ്കിലും ഒന്നുപോലും പ്രവർത്തനക്ഷമമല്ല. കുഴിച്ച കുഴൽ കിണറുകളാകട്ടെ നാട്ടുകാർക്ക് ഭീഷണിയായി നിലകൊള്ളുന്നു. പലതിനും മൂടിയില്ല.

കൊച്ചു കുട്ടികളും വിദ്യാർത്ഥികളും യഥേഷ്ടം സഞ്ചരിക്കുന്ന പാതകളിലാണ് അപകടാവസ്ഥയിൽ കുഴൽ കിണറുകളുള്ളത്. കഴിഞ്ഞ വേനലിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമെന്നോണം പഞ്ചായത്ത് 2019 – 20 വികസന പദ്ധതിയിലുൾപ്പെടുത്തി 77 ലക്ഷം രൂപയാണ് 22 കുഴൽകിണറുകൾക്കായി അനുവദിച്ചത്. കുഴൽകിണർ കുഴിച്ച് വൈദ്യുതിയിൽ മോട്ടർ പ്രവർത്തിപ്പിച്ച് ഉയരത്തിലുള്ള ടാങ്ക് ഫിറ്റ്‌ ചെയ്ത് അതിൽ വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. പദ്ധതിയുടെ തുടക്കത്തിൽ തന്നെ നാട്ടുകാർ പല അപാകതകളും ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാൻ അധികൃതർ തയ്യാറായില്ല. ദീർഘ വീക്ഷണമോ, സ്ഥല പരിശോധനയോ ഇല്ലാതെ കുഴൽകിണർ കുഴിച്ച ചിലയിടത്ത് വെള്ളം കിട്ടാത്ത അവസ്ഥയും ഉണ്ടായി. കുഴിച്ച കുഴൽകിണറുകൾ ആറുമാസമായിട്ടും പ്രവർത്തനക്ഷമമാക്കുകയോ പുതിയത് കുഴിക്കുകയോ ചെയ്യുന്നില്ല. പഞ്ചായത്തിന്റെ അനാസ്ഥയാണെന്നാണ് ആക്ഷേപം.