fff

നെയ്യാറ്റിൻകര: എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ പുതിയ ആർട്‌സ് കോളേജ് സ്ഥാപിക്കാൻ താലൂക്ക് യൂണിയൻ ബഡ്ജറ്റിൽ നിർദ്ദേശം. നിർധനകുടുംബങ്ങളിലെ യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുന്നതിനായി പരിണയം മംഗല്യസഹായ പദ്ധതിയും നടപ്പാക്കും. നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ 58-ാമത് വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച ബഡ്ജറ്റിലാണ് പുതിയ നിർദ്ദേശം. വാർഷിക പൊതുയോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ. രാമചന്ദ്രൻനായർ ബഡ്ജറ്റ് അവതരിപ്പിച്ചു. പരിണയം മംഗല്യസഹായ പദ്ധതി അനുസരിച്ച് മൂന്ന്‌ യുവതികളുടെ കല്യാണത്തിനുള്ള മുഴുവൻ തുകയും താലൂക്ക് യൂണിയൻ വഹിക്കും. ഇതിനുപുറമേ മറ്റുള്ളവർക്കായി വിവാഹ ധനസഹായവും നൽകും.

വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. 2019-20 വർഷത്തിൽ 1,26,51,660 രൂപ വരവും അത്രയും ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

ഇതിനൊപ്പം വിവിധ മത്സരപരീക്ഷകൾക്ക് ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കുന്ന കേന്ദ്രവും സ്ഥാപിക്കും. ശ്രീപദ്മനാഭം എന്ന പേരിൽ ഭവനനിർമാണ പദ്ധതിയും നടപ്പിലാക്കും. നിർധന കുടുംബങ്ങളിലുള്ളവർക്ക് ഭവനനിർമാണ സഹായത്തിനായി 15 ലക്ഷം രൂപ വകകൊള്ളിച്ചിട്ടുണ്ട്. ചികിത്സാ ധനസഹായത്തിനായി വിദ്യാധിരാജ കാരുണ്യനിധി പദ്ധതി നടപ്പിലാക്കുമെന്നും ബഡ്ജറ്റിൽ പറയുന്നു. എല്ലാ വർഷവും തത്ത്വമസി എന്ന പേരിൽ ആദ്ധ്യാത്മികസംഗമം സംഘടിപ്പിക്കുമെന്ന് കോട്ടുകാൽ കൃഷ്ണകുമാർ അറിയിച്ചു.

താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻനായർ സ്വാഗതവും എൻ.എസ്.എസ് ഇൻസ്പെക്ടർ എസ്. മഹേഷ്‌കുമാർ നന്ദിയും പറഞ്ഞു.