തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ പുനഃസംഘടനയെ കുറിച്ച് പഠിക്കുന്ന കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിലെ സാമ്പത്തിക വിദഗ്‌ദ്ധൻ സുശീൽ ഖന്നയെ ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നു. വാട്ടർ അതോറിട്ടിയിലെ മുതിർന്ന എൻജിനിയർമാരടങ്ങിയ ലോബിയുടെ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഖന്ന വരുന്നത് സാമ്പത്തിക പ്രതിസന്ധി കൂട്ടുമെന്നും വാട്ടർ അതോറിട്ടിയിലെ മുതിർന്ന എൻജിനിയർമാരുടെ നേതൃത്വത്തിലുള്ള സംഘത്തെക്കൊണ്ട് പഠനം നടത്തണമെന്നുമാണ് ഈ ലോബിയുടെ നിലപാട്.
എൻജിനിയർമാരുടെ ആവശ്യം കുറിപ്പാക്കി എം.ഡി ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറി. കെ.എസ്.ആർ.ടി.സിയിൽ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഖന്ന മുന്നോട്ടുവച്ചിരുന്നു. ഇത്തരം കാര്യങ്ങൾ ജലവിഭവ വകുപ്പിലും ശുപാർശ ചെയ്യുമെന്ന ആശങ്കയാണ് ഖന്നയ്‌ക്കെതിരായ നീക്കത്തിനുള്ള കാരണമെന്നാണ് സൂചന.
പുനഃസംഘടനയെ കുറിച്ച് പഠിക്കുന്നതിന് രണ്ടുമാസത്തോളം വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലത്തെ ഹെഡ് ഓഫീസിലെത്തിയ ഖന്ന, എം.ഡിയടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഓഫീസടക്കമുള്ള ഭൗതികസാഹചര്യങ്ങൾക്കും തുടക്കത്തിലെ പ്രവർത്തനങ്ങൾക്കുമായി എട്ട് ലക്ഷം രൂപയും ജീവനക്കാരെയും അനുവദിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അധികച്ചെലവാണെന്നാണ് എൻജിനിയർമാരുടെ പക്ഷം.
നിലവിൽ ഹെഡ് ഓഫീസിൽ മാത്രം 35 അസിസ്റ്റന്റ് എൻജിനിയർമാരും 25 അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർമാരുമുണ്ട്. കമ്പ്യൂട്ടറും ഇന്റർനെറ്റും വരുന്നതിന് മുമ്പ് ഇവിടെയുണ്ടായിരുന്ന ഇവർ പ്രത്യേകിച്ച് ചുമതലകളൊന്നുമില്ലാതെ ഇപ്പോഴും ഇവിടെ തുടരുകയാണ്.
പഠനം സുശീൽ ഖന്നയെ ഏല്പിക്കാൻ തീരുമാനിച്ചിട്ടില്ല. നയപരമായ കാര്യമായതിനാൽ എല്ലാവശവും ആലോചിക്കണം.
- മന്ത്രി കൃഷ്ണൻകുട്ടി