തിരുവനന്തപുരം: ദിവസേന ആയിരക്കണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളേജ് വളപ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ എസ്.എ.ടിയിൽ നൂതന ബോധവത്കരണ സംവിധാനം ഒരുങ്ങുന്നു. സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതികളെ കുറിച്ചും ലഭ്യമാകുന്ന സേവനങ്ങളും രോഗികളിലും കൂട്ടിരിപ്പുകാരിലും എത്തിക്കുന്നതോടൊപ്പം രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എസ്.എ.ടി ആശുപത്രിയിലെ ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയാണ് ഡിജിറ്റൽ ബോധവത്കണം നടത്തുന്നത്. വാർഡുകളിലും വിശ്രമകേന്ദ്രങ്ങളിലും ടെലിവിഷനുകൾ സ്ഥാപിച്ച് അതിലൂടെയാണ് വിവരങ്ങൾ രോഗികളിലും കൂട്ടിരിപ്പുകാരിലുമെത്തിക്കുന്നത്. കഴിഞ്ഞ ആഴ്‌ച മുതൽ ട്രയൽ റൺ ആരംഭിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉടൻ നടക്കും.
പകർച്ചവ്യാധി പ്രതിരോധ നിർദ്ദേശങ്ങളാണ് പ്രധാനമായും കൈമാറുന്നത്. എസ്.എ.ടിയിലെ പ്രത്യേക സാഹചര്യമനുസരിച്ച് കുഞ്ഞുങ്ങളുടെ പരിപാലനം ഓരോ പ്രായത്തിലും എങ്ങനെ വേണമെന്നും മുലയൂട്ടലിന്റെ ഉൾപ്പെടെ പ്രാധാന്യവും പ്രദർശിപ്പിക്കും. ബോധവത്കരണത്തോടൊപ്പം വിനോദവും ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പാട്ടും ഹാസ്യരംഗങ്ങളും കാർട്ടൂണും സംപ്രേഷണം ചെയ്യും. 1993ലാണ് എസ്.എ.ടിയിൽ ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി ആരംഭിച്ചത്. പഴകാല സംവിധാനങ്ങൾ ഉപയോഗിച്ച് ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നെങ്കിലും ഏറെക്കാലമായി ഇത് മുടങ്ങിയിരുന്നു. ഇതാണ് വീണ്ടും ആധുനിക രീതിയിൽ പുനരാരംഭിക്കുന്നത്.
നൂതന സംവിധാനങ്ങൾ
വാർഡുകൾ, പുരുഷൻമാരുടെ വിശ്രമകേന്ദ്രം, ലേബർറൂമിന് മുൻവശം എന്നിവിടങ്ങളിലായി 50 ടെലിവിഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഡോക്ടർമാരുടെയും മറ്റ് വിദഗ്ദ്ധരുടെയും നിർദ്ദേശങ്ങൾ ചിത്രീകരിച്ച് എഡിറ്റ് ചെയ്ത സംപ്രേഷണം ചെയ്യുന്നതിനായി കാമറകളും എഡിറ്റ് റൂമും സജ്ജമാക്കിയിട്ടുണ്ട്. 19 ലക്ഷമാണ് ചെലവഴിച്ചത്. അഞ്ചു ജീവനക്കാരാണ് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കൃഷ്ണകുമാർ ശർമയാണ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്.
ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി ആരംഭിച്ചത് 1993ൽ
പുതിയ പദ്ധതി ചെലവ് 19 ലക്ഷം
പ്രവർത്തിക്കുന്നത് 5 ജീവനക്കാർ
സ്ഥാപിച്ചത് 50 ടെലിവിഷനുകൾ
എസ്.എ.ടിയിൽ ചികിത്സ പൂർണമായും സൗജന്യമാണെങ്കിലും അറിവില്ലായ്മ കാരണം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പണം ചെലവാകാറുണ്ട്. ഇത് കൃത്യമായ ബോധവത്കരണത്തിലൂടെ അവസാനിപ്പികുയാണ് പ്രധാനലക്ഷ്യം. കൂടാതെ രോഗങ്ങളെ കുറിച്ചും പ്രതിരോധന പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ -ഡോ.എസ്.സന്തോഷ് എസ്.എ.ടി ആശുപത്രി സൂപ്രണ്ട്