hhh

നെയ്യാറ്റിൻകര: കാലം തെറ്റി മഴപെയ്തതോടെ നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്തെ മഴക്കാലപൂർവ ശുചീകരണവും നിലച്ചു. മഴക്കാലമായ തുലാമാസം തുടങ്ങാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെന്നിരിക്കെ നേരത്തെപെയ്ത മഴ കാരണം ശുചീകരണപ്രവർത്തനങ്ങൾ നടക്കാത്ത സ്വപ്നമായി മാറി. ടൗണിലെ ഓട ശുചീകരണവും മാലിന്യം നീക്കം ചെയ്യലും പ്രാരംഭഘട്ടത്തിൽ തന്നെ നിൽക്കുകയാണ്. മഴക്കാലത്തിന് മുന്നേ ആരംഭിക്കേണ്ട മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചത് മഴ കടുത്ത സമയത്താണ്. സാധാരണ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകളിൽ നിന്നും മാലിന്യം റോഡിലേക്ക് വാരിയിട്ട് മഴവെള്ളത്തിൽ ഒഴുക്കിക്കളയുകയാണ് സാധാരണ ചെയ്യുന്നത്. ബാക്കിയുള്ള പ്ലാസ്റ്റിക് മാലിന്യം കണ്ടിജൻസ് വിഭാഗം ജീവനക്കാരെത്തി കത്തിക്കുകയാണ് പതിവ്. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക ജനങ്ങൾക്ക് പലതരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടും നഗരസഭാ അധികൃതർ കേട്ട മട്ടില്ലെന്നും പരാതിയുണ്ട്.

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടയിലെ ചില ഭാഗങ്ങളിൽ നിന്നും റോഡിലേക്ക് വാരിവലിച്ചിട്ട മാലിന്യങ്ങളും അഴുക്ക് നിറഞ്ഞ ചെളിയും മഴവെള്ളത്തിൽ കലർന്ന് റോഡിലേക്ക് ഒഴുകിയിരുന്നു. ഇതോടെ റോഡിലേക്ക് മാലിന്യം വാരിയിടുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം വന്ന് നിറഞ്ഞ് ഓടയുടെ പല ഭാഗങ്ങളും അടഞ്ഞിരിക്കുകയാണ്. ദിവസവും ടൗണിൽ വന്നടിയുന്ന മാലിന്യം നീക്കം ചെയ്യാൻ സംവിധാനമില്ലാത്തതാണ് ഓടകളിൽ മാലിന്യം നിറയാൻ കാരണം.

പ്രദേശത്തെ മാലിന്യം വലിച്ചെറിയാതിരിക്കാനാണ് പലയിടത്തും എയ്റോബിന്നുകൾ സ്ഥാപിച്ചത്. എന്നാൽ അതും വിനയായി. എയ്റോബിന്നിൽ കുന്നുകൂടുന്ന മാലിന്യം സംസ്കരിക്കാൻ ഇടമില്ല. ജംഗ്ഷനുകളിൽ കേന്ദ്രീകരിച്ച് എയ്റോബിന്നുകളിൽ നിന്നും മഴക്കാലത്ത് മലിനജലം റോഡിലേക്കും സമീപ പ്രദേശത്തേക്കും ഒഴുകും. നെയ്യാറിന് സമീപം കൃഷ്ണൻകോവിലിന് സമീപം സ്ഥാപിച്ച എയ്റോബിന്നിൽ നിന്നുള്ള മലിനജലം സമീപത്തെ കടവിലേക്കാണ് ഒഴുകുന്നത്. ഇവിടെനിന്നാണ് വാട്ടർഅതോറിട്ടി കുടിവെള്ളം ശേഖരിക്കുന്നത്.