ചിറയിൻകീഴ്: ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡും സ്പീഡ് ബ്രേക്കറും വേണമെന്ന ആവശ്യം ശക്തമാകുന്നു. ചിറയിൻകീഴ് - കഴക്കൂട്ടം പാത ഇതുവഴിയാണ് കടന്നുപോകുന്നത്. അതിനാൽ തന്നെ ദിവസേന ഇടതടവില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടം കടക്കുന്നത്.
ശാർക്കര റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ നീളുന്ന വാഹനങ്ങളുടെ നിരകാരണം ഇടയ്ക്കിടയ്ക്ക് ഇവിടെ ഗതാഗതക്കുരുക്കും അനുഭവപ്പെടാറുണ്ട്. ശാർക്കര - മഞ്ചാടിമൂട് ബൈപാസ് യാഥാർത്ഥ്യമായതോടെ വാഹനങ്ങൾ പ്രത്യേകിച്ചും ബൈക്ക് യാത്രക്കാർ ചീറിപ്പാഞ്ഞാണ് ശാർക്കര ബൈപ്പാസ് ജംഗ്ഷനിലെത്തുന്നത്. ജംഗ്ഷനിൽ ബൈപ്പാസ് റോഡിൽ ഹമ്പില്ലാത്തത് പലപ്പോഴും അപകടങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. അതുപോലെ ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് വേണമെന്ന ആവശ്യത്തിനും പ്രധാന്യമേറെയാണ്. ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ വെയിറ്റിംഗ് ഷെഡ് ഉടൻ നിർമിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും അത് ഇനിയും നടപ്പിലായില്ല. ബൈപാസ് റോഡിൽ ശാർക്കര കഴിഞ്ഞാലുള്ള അടുത്ത ബസ് സ്റ്റോപ്പിലും വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷനേടാനിടമില്ല. ശാർക്കര ബൈപ്പാസ് ജംഗ്ഷൻ മുതൽ വലിയകട ജംഗ്ഷൻ വരെയുള്ള റോഡിന്റെ വീതി കൂട്ടണമെന്ന ആവശ്യവും നിലനിൽക്കുകയാണ്. പൊതുവേ ഇടുങ്ങിയ റോഡാണിത്. രണ്ട് ബസുകൾക്ക് എതിർ ദിശയിൽ അരിഷ്ടിച്ച് കടന്ന് പോകാവുന്ന വീതി മാത്രമാണുള്ളത്. ഇരു വശങ്ങളിൽ നിന്നും സ്ഥലം എടുത്ത് റോഡ് വീതികൂട്ടണമെന്ന അഭിപ്രായത്തോടെ വസ്തു നൽകുന്നവർ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തുടർ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി വലിയകട - ശാർക്കര ബൈപ്പാസ് ജംഗ്ഷൻ പാതയിലെ യാത്ര കൂടുതൽ സുഗമമാക്കാൻ അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് പൊതു ജനാഭിപ്രായം.