elephan

കാട്ടാക്കട: കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിൽ അപ്രതീക്ഷിതമായി പുതിയ ഒരു അതിഥി കൂടി എത്തി. ഇക്കഴിഞ്ഞ പ്രളയത്തിൽ നിലമ്പൂരിൽ പുഴയിലൂടെ ഒഴുകിയെത്തിയ ആനക്കുട്ടിയാണ് കാപ്പുകാട്ട് എത്തിയത്. ഇക്കഴിഞ്ഞ 14 നാണ് കരിമ്പുഴ ഭാഗത്തു നിന്ന് രണ്ടു മാസത്തോളം പ്രായമുള്ള പിടിയാനക്കുട്ടിയെ കിട്ടിയത്. ഒഴുക്കിൽപ്പെട്ട് എങ്ങനെയോ കരയ്ക്കു കയറിയ ആനക്കുട്ടിയെ നാട്ടുകാരാണ് നിലമ്പൂർ സൗത്ത് ഡിവിഷൻ കരുളായി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആനക്കുട്ടിയെ കാട്ടിലേക്ക് തന്നെ കയറ്റി വിടാൻ ശ്രമം നടത്തി. ഉൾക്കാട്ടിലേക്ക് എത്തിച്ചങ്കിലും ആനക്കൂട്ടങ്ങൾ ആനക്കുട്ടിയെ അവഗണിച്ചു. പിറ്റേന്ന് ആനക്കുട്ടിയെ വീണ്ടും ജനവാസ കേന്ദ്രത്തിൽ കണ്ടതിനെ തുടർന്ന് അവിടത്തെ വെറ്ററിനറി ഡോക്ടർ പാടുക സ്റ്റേഷനിൽ എത്തിക്കുകയും വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം കാപ്പുകാട്ട് എത്തിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

കരുളായി റേഞ്ച് ഓഫീസർ രാകേഷിന്റെ നേതൃത്വത്തിൽ ശനിയാഴ്ച കാപ്പുകാട്ടെത്തിച്ച ആനക്കുട്ടിയെ ഇവിടത്തെ കുട്ടിയാനകൾക്കായുള്ള പ്രത്യേക കൂട്ടിലേക്ക് മാറ്റി. വളരെ പെട്ടെന്നു തന്നെ പരിചാരകനുമായി ഇണങ്ങി. വെറ്റിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരം രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം സന്ദർശകർക്ക് പുതിയ അതിഥിയെ കാണാൻ അവസരമുണ്ടാകും. പുതിയ അതിഥിയുടെ വരവോടെ കുട്ടിയാനകൾ ഇപ്പോൾ ആറായി. ഇവർക്കൊപ്പം പ്രായം ചെന്ന സോമനും മണിയനും റാണയും രാജ്കുമാറും ഉൾപ്പെടെ കപ്പുകാട്ടെ ആനകളുടെ എണ്ണം 19 ആയി.

നിലമ്പൂരിൽ നിന്നു തന്നെ കോട്ടൂരിൽ അന്തേവാസിയായ മൂന്നു വയസുകാരൻ മനു, രണ്ടര വയസുകാരി മായ, നാലു വയസുകാരി പൂർണ, ഒരു വയസുകാരൻ കണ്ണൻ, നാലര വയസുകാരൻ അർജുനൻ എന്നിവർക്കൊപ്പം ഇളമുറക്കാരിയായി പുതിയ ആനക്കുട്ടിയും കാപ്പുകാട്ട് കഴിയും.

ഫോട്ടോ................പ്രളയത്തിൽ ഒഴുകി വന്ന ആനക്കുട്ടി കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിൽ