dippo

കാട്ടാക്കട: ഇത് കാട്ടാക്കട കെ.എസ്.ആ‌ർ.ടി.സിയിലെ വാണിജ്യ സമുച്ചയം. സമുച്ചയത്തിലെ കടമുറികൾ വാടകയ്ക്ക് നൽകിയത് കടയ്ക്കുള്ളിൽ കച്ചവടം നടത്താനാണ്. എന്നാലിപ്പോൾ കച്ചവടം നടത്തുന്നത് യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള വഴിയടച്ചാണെന്ന് മാത്രം. ഇതോടെ യാത്രക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായി. തിക്കും തിരക്കുമുള്ള സ്റ്റാൻഡിലിപ്പോൾ സ്ഥിതി വഴിയോര കച്ചവടം പോലെയായി. ഓണം കൂടി കടന്നു വരുമ്പോൾ കച്ചവടം പൊടിപൊടിക്കുകയും യാത്രക്കാർ ദുരിതത്തിലാകുകയും ചെയ്യും. യാത്രാക്കാർക്ക് ബസ് കാത്ത് നിൽക്കുന്നതിനും നടക്കുന്നതിനും വിശ്രമിക്കുന്നതിനുമായി മാറ്റിയ സ്ഥലമാണ് കൈയേറിയത്. ഇതുകാരണം കാട്ടാക്കടയിലെ വ്യാപാര സമുച്ചയത്തിൽ ആളുകൾക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്.

കെ.എസ്.ആർ.ടി.സി ഡിപ്പയിലെത്തുന്നവർക്ക് യാത്രാക്ഷീണം കൊണ്ട് വിശ്രമം പോയിട്ട് നടന്നു പോകാൻ പോലും പറ്റില്ല. പലപ്പോഴും യാത്രക്കാർ പരാതി നൽകിയിട്ടും ഇതേവരെ നടപടിയില്ല.ഡിപ്പോയിലെ ഉന്നത ഉദ്യോഗസ്ഥർ കയ്യേറ്റത്തിന് ഒത്താശ നൽകുന്നതായും ആക്ഷേപമുണ്ട്.

വാണിജ്യ സമുച്ചയത്തിലെ ഇടനാഴികളും പടിക്കെട്ടും കേന്ദ്രീകരിച്ചാണ് സാമൂഹ്യ വിരുദ്ധരുടേയും പൂവാലൻമാരുടെയും വിളയാട്ടം. സ്‌കൂൾ കോളേജ് വിടുന്ന സമയങ്ങളിൽ സമുച്ചയത്തിന്റെ ഇടനാഴികളിൽ ഇവർ തമ്പടിക്കുന്നു. ഇതിനാൽ ഇതുവഴി വരുന്നവർക്ക് അല്പം ബുദ്ധിമുട്ടിയേ ഡിപ്പോയിൽ കയറാൻ കഴിയൂ. വിദ്യാർത്ഥിനികളടക്കം നിരവധി സ്ത്രീകളും മറ്റു യാത്രക്കാരും ആശ്രയിക്കുന്ന കേന്ദ്രമാണ് കാട്ടാക്കട ബസ് സ്റ്റാൻഡ്. സുരക്ഷാ ജീവനക്കാരുണ്ടെങ്കിലും സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാൻ ഇവരെ കൊണ്ട് കഴിയാത്ത സ്ഥിതിയാണ്. അഥവ നിയന്ത്രിച്ചാൽ പൂരപ്പാട്ട് വേറെ.

ഇടനാഴികളിൽ നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും മദ്യവും ഉൾപ്പടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. അടുത്തകാലത്താണ് കാട്ടാക്കട എക്സൈസ് വാണിജ്യ സമുച്ചയത്തിന് മുന്നിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. ഡിപ്പോയിലെ പൊലീസ് എയിഡ് പോസ്റ്റ് തുറക്കാത്തത് സാമൂഹ്യവിരുദ്ധർക്കും മോഷ്ടാക്കൾക്കും അനുഗ്രഹമാണ്.

വാണിജ്യ സമുച്ചയത്തിന്റെ ഇടനാഴികളിലും, ഡിപ്പോ പരിസരത്തും പൂവാല ശല്യം വർദ്ധിച്ചു.

രാവിലെയും വൈകിട്ടും സ്കൂൾ കോളേജ് സമയങ്ങളിലാണ് പൂവാലന്മാരുടെ ശല്യം. സാധാരണ യാത്രാക്കാർക്കുപോലും ശല്യം കാരണം നിൽക്കാൻ കഴിയില്ല. തിരക്കുകാരണം പോക്കറ്റടിയും പിടിച്ചു പറിയും പതിവാണ്. രണ്ട് മാസത്തിനിടെ നിരവധി മോഷണങ്ങളും മോഷണശ്രമങ്ങളും നടന്നു.ഇവിടെ നടന്ന പല മോഷണങ്ങളും ഇതേവരെ തെളിഞ്ഞിട്ടില്ല. പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതി സ്വീകരിക്കുന്നതല്ലാതെ തുടർ നടപടികളില്ല.