തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ, രാഷ്ട്രീയ മുന്നണികൾ പൊടുന്നനെ ചടുലമായി. ഇന്നത്തെ യു.ഡി.എഫ് യോഗവും ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗവും 'പാലാചർച്ച'യിലേക്ക് മാത്രം കേന്ദ്രീകരിക്കും. മാണിയുടെ നിര്യാണം മൂലം പാലാ സീറ്റ് ഒഴിഞ്ഞിട്ട് സെപ്റ്റംബറിൽ ആറ് മാസം പൂർത്തിയാവുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് സൂചന. ആറ് സീറ്റുകളിൽ ഒരുമിച്ച് ഒക്ടോബറിൽ ഉപതിരഞ്ഞെടുപ്പ് വരുമെന്ന രാഷ്ട്രീയപ്പാർട്ടികളുടെ കണക്കുകൂട്ടലാണ് തെറ്റിയത്.
കെ.എം. മാണി 1965 മുതൽ കാത്ത സീറ്റായിട്ടും പാലായിലെ സ്ഥാനാർത്ഥി നിർണ്ണയം യു.ഡി.എഫിനാണ് വെല്ലുവിളി. മാണിക്ക് ശേഷം കേരള കോൺഗ്രസ് - എം രണ്ട് ഗ്രൂപ്പായി പിളർന്നത് തന്നെ കാരണം. പി.ജെ. ജോസഫും ജോസ് കെ. മാണിയും ഇന്ന് രാവിലെ 10ന് കന്റോൺമെന്റ് ഹൗസിൽ യു.ഡി.എഫ് യോഗത്തിനെത്തും. തർക്കമില്ലാതെ ഒറ്റക്കെട്ടായി നീങ്ങാനാവും യു.ഡി.എഫ് നിർദ്ദേശിക്കുക. ജയസാദ്ധ്യതയും പൊതുസ്വീകാര്യതയും മാനദണ്ഡമാക്കി വേണം സ്ഥാനാർത്ഥിയെ നിശ്ചയിക്കാനെന്ന മുന്നറിയിപ്പ് ജോസഫ് നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള അവകാശം മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ജോസ് കെ.മാണി. ജോസഫ് വിഭാഗമാകട്ടെ, സ്ഥാനാർത്ഥിയെ ആര് നിശ്ചയിച്ചാലും ചിഹ്നം അനുവദിക്കാനുള്ള അധികാരം തങ്ങൾക്കാണെന്ന് പറയുന്നു.
അതിന് കാരണമായി പറയുന്നത്, ജോസ് കെ. മാണിയെ ചെയർമാനായി പ്രഖ്യാപിച്ച ജോസ് പക്ഷത്തിന്റെ തീരുമാനം കട്ടപ്പന കോടതി സ്റ്റേ ചെയ്തതാണ്. ഇതിനെതിരെ ജോസ് കെ.മാണി നൽകിയ അപ്പീലിൽ നാളെ കോടതി വിധി പറയാനിരിക്കുന്നു. വിധി അനുകൂലമാകുമെന്ന് ജോസഫും ജോസും ഒരുപോലെ പ്രതീക്ഷിക്കുന്നു. വിധി ജോസഫിനെ തുണച്ചാൽ ചിഹ്നം അനുവദിക്കേണ്ടത് അദ്ദേഹം തന്നെയാകും. അത് ജോസ് പക്ഷത്തിന് തിരിച്ചടിയാകും.
സ്ഥാനാർത്ഥിയായി ജോസ് കെ.മാണിയുടെ ഭാര്യ നിഷ ജോസ് കെ.മാണി, മാണിഗ്രൂപ്പിന്റെ മുൻ കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി എന്നിവരെയാണ് യു.ഡി.എഫ് കേന്ദ്രങ്ങളിൽ പറഞ്ഞുകേൾക്കുന്നത്. ജോസ് വിഭാഗത്തിനൊപ്പമായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ ജോസ് പക്ഷത്തിന്റെ യോഗത്തിൽ നിന്ന് ആഗസ്തി വിട്ടുനിന്നത് മാറ്റത്തിന്റെ സൂചനയായി ജോസഫ് കാണാതില്ല. എന്നാൽ, നിഷയുടെ സ്ഥാനാർത്ഥിത്വത്തിന് പൊതു സ്വീകാര്യതയുണ്ടാകുമെന്ന കണക്കുകൂട്ടൽ യു.ഡി.എഫിലുമുണ്ട്. മാണിയുടെ പേരിൽ സഹതാപതരംഗം കിട്ടുമെന്നാണ് വിലയിരുത്തൽ.
പാലാ ഇക്കുറിയും എൻ.സി.പി നൽകാനാവും ബുധനാഴ്ച മൂന്നിന് ചേരുന്ന ഇടതുമുന്നണിയോഗം തീരുമാനിക്കുക. മാണി സി.കാപ്പനെ വീണ്ടും എൻ.സി.പി പരിഗണിക്കുന്നു. ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എൽ.ഡി.എഫ് നേരത്തേ തുടങ്ങി. ബുധനാഴ്ച രാവിലെ എൻ.സി.പി സംസ്ഥാനസമിതിയും ചേരും. എൽ.ഡി.എഫ് തീരുമാനത്തിന് ശേഷം എൻ.സി.പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാർത്ഥിയെ നിശ്ചയിച്ച് കേന്ദ്ര പാർലമെന്ററി ബോർഡിന്റെ അംഗീകാരത്തോടെ പ്രഖ്യാപിക്കും.
അതേസമയം, കേരള കോൺഗ്രസിലെ തർക്കം ഇടത് നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. ജോസഫ് കടുപ്പിച്ചാൽ സാദ്ധ്യത അവർ ഉപയോഗിച്ചുകൂടായ്കയില്ല.
വെറും 4703 വോട്ടിനാണ് മാണിയോട് കഴിഞ്ഞതവണ മാണി സി.കാപ്പൻ തോറ്റത്. 2011ലും മാണിയുടെ ലീഡ് കുറച്ചിരുന്നു. യു.ഡി.എഫിലെ തർക്കം കൂടിയാകുമ്പോൾ ഇക്കുറി സ്ഥിതി മാറാം എന്നവർ കണക്കുകൂട്ടുന്നു.
എൻ.ഡി.എയിൽ ജയസാദ്ധ്യതയുള്ള പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന് പി.സി. ജോർജിന്റെ ജനപക്ഷം ആവശ്യപ്പെടുന്നുണ്ട്. 2011ൽ 5.1ശതമാനമായിരുന്ന വോട്ട് 2016ൽ 17.76ശതമാനമാക്കി ഉയർത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയേക്കാൾ ആറായിരം വോട്ടിന്റെ കുറവേ ബി.ജെ.പി സ്ഥാനാർത്ഥിക്കുണ്ടായിട്ടുള്ളൂ എന്നതും വളർച്ചയുടെ സൂചനയായി ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു.