sivagiri-trust
sivagiri trust

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി സെപ്‌തംബർ 13ന് ഭക്തിനിർഭരമായ ചടങ്ങുകൾക്കൊപ്പം സമ്മേളനം, ഘോഷയാത്ര തുടങ്ങിയ പ്രൗഢഗംഭീര പരിപാടികളോടെ ശിവഗിരിയിൽ ആഘോഷിക്കും. ശ്രീനാരായണഗുരുദേവന്റെ കാരുണ്യ ദർശനത്തെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന ഫ്ലോട്ടുകൾ ജയന്തി ഘോഷയാത്രയെ ആകർഷകമാക്കും. 'ശ്രീനാരായണഗുരുവിന്റെ മാനവികത" എന്നതാണ് ഘോഷയാത്രയിലെ ഫ്ലോട്ടുകൾക്കുള്ള വിഷയം. മത്സരവിഭാഗത്തിൽ പങ്കെടുക്കുന്ന ഫ്ലോട്ടുകൾ ഗുരുദേവാശയങ്ങൾ സാധാരണക്കാർക്ക് വ്യക്തമായി മനസിലാകുന്ന രീതിയിലായിരിക്കണം ഒരുക്കേണ്ടതെന്ന് ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ പറഞ്ഞു. പങ്കെടുക്കുന്ന വാഹനങ്ങളുടെ ബോഡി പൂർണമായും മൂടിയ നിലയിലായിരിക്കണം ഫ്ലോട്ടുകൾ രൂപകല്പന. ഫ്ലക്സ് ഉപയോഗിക്കരുത്. ആശയം, ആവിഷ്കാരം, ദീപാലങ്കാരം, ശബ്‌ദവിന്യാസം, രൂപഭംഗി എന്നീ ഘടകങ്ങളാണ് വിധി നിർണയത്തിനായി പരിഗണിക്കുന്നത്.

ലോറി, മിനിലോറി, കാർ / ആട്ടോ, ഗൃഹാലങ്കാരം, സ്ഥാപനാലങ്കാരം എന്നിങ്ങനെ അഞ്ചിനങ്ങളിലാണ് മത്സരം. ലോറി വിഭാഗത്തിൽ 50001, 30001, 20001 രൂപ ക്രമത്തിലും, മിനിലോറി വിഭാഗത്തിൽ 30001, 20001, 10001 ക്രമത്തിലും, കാർ/ആട്ടോ വിഭാഗത്തിൽ 10001, 7001, 5001 രൂപ ക്രമത്തിലും, ഗൃഹാലങ്കാരത്തിന് 5001, 3001, 2001 രൂപ ക്രമത്തിലും സ്ഥാപനാലങ്കാരത്തിന് 10001, 7001, 5001 രൂപ ക്രമത്തിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകും.

വൈകിട്ട് നാലിന് ശിവഗിരിയിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര 10ന് സമാപിക്കും. പങ്കെടുക്കുന്ന ഫ്ലോട്ടുകൾ ഘോഷയാത്രയിൽ ആദ്യവസാനമുണ്ടായിരിക്കണം. ഫ്ലോട്ടുകൾ ഉച്ചയ്‌ക്ക് ഒന്നിന് മുമ്പ് ശിവഗിരി ഗ്രൗണ്ടിലെത്തി ചതയാഘോഷ കമ്മിറ്റി നൽകുന്ന കോഡ് നമ്പർ പതിക്കണം. സ്ഥലം, പേര്, മറ്റടയാളങ്ങൾ തുടങ്ങിയവയൊന്നും ഫ്ലോട്ടിലുണ്ടാകരുത്. ഘോഷയാത്രയിൽ പങ്കെടുക്കുന്ന എല്ലാ വാഹനങ്ങൾക്കും കാഷ് അവാർഡുകൾക്ക് പുറമെ ട്രോഫിയും നൽകും. സമ്മാനം ലഭിക്കാത്ത ഫ്ലോട്ടുകൾക്ക് 2000 രൂപയും നിലവിളക്കും പ്രോത്സാഹന സമ്മാനമായി നൽകും.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നിയന്ത്റണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക വിധി നിർണയവും സമ്മാനങ്ങളുമായിരിക്കും നൽകുന്നത്. ഫ്ലോട്ടുകൾ സഞ്ചരിക്കുന്ന ക്രമം നിശ്ചയിക്കുന്നത് ചതയാഘോഷകമ്മിറ്റി ആയിരിക്കുമെന്നും സ്വാമി വിശാലാനന്ദ അറിയിച്ചു. മത്സരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പി.എസ്. പ്രദീപ് (ഫോൺ : 9446748006), പ്രസാദ് (ഫോൺ: 8075247994) എന്നിവരെ ബന്ധപ്പെടണം.