kovalam

കോവളം: ബീച്ചിൽ പ്രഖ്യാപിച്ച ഒന്നാം ഘട്ട സൗന്ദര്യവത്കരണത്തിന്റെ പ്രാഥമിക ഘട്ട നടപടികൾ തുടങ്ങിയെങ്കിലും പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കാതെ 20 കോടിയുടെ വികസനം തുലാസിൽ. സമുദ്ര ബീച്ച് മുതൽ ഗ്രോവ് ബീച്ച് വരെ നീളുന്ന സ്വകാര്യ റിസോർട്ടിനു സ്ഥലമുണ്ടെന്ന വാദത്തിന്റെ പേരിൽ ഗ്രോവ് ബീച്ചിൽ റവന്യൂ അധികൃതർ സർവേ നടപടി ആരംഭിച്ചിട്ടും അന്തിമ രൂപരേഖ തയ്യാറാക്കാൻ ഇതുവരെയും സാധിച്ചില്ല. സർവേ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കോവളം ബീച്ചിന്റെ വികസനം നടത്താനാകൂ. വിദേശസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പുതിയ നിർമാണങ്ങൾ ഉടൻ നടത്തുന്നതിനായാണ് 20 കോടി കോവളം ബീച്ചിനും സമുദ്രാ ബീച്ചിനും അനുവദിച്ചത്. കാലതാമസം കൂടാതെ പദ്ധതികളെല്ലാം നടപ്പാക്കുമെന്ന് 6 മാസം മുമ്പ് ടൂറിസം മന്ത്രി തന്നെ പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാൽ നിർമ്മാണം നടത്തുന്ന ഭൂമിയെ സംബന്ധിച്ച് യാതൊരുവിധ മുൻവിധിയുമില്ലാതെയാണ് പദ്ധതി തയ്യാറാക്കിയത്. എന്നാൽ ഇത് എങ്ങനെ തുടങ്ങണമെന്നോ എവിടെ അവസാനിപ്പിക്കണമെന്നോ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്ക് അറിയില്ല.


ഒന്നാം ഘട്ടത്തിൽ സമുദ്ര ബീച്ചിൽ യോഗ ഡെക്ക്, ആധുനിക ശുചിമുറി, റോളർ സ്‌കേറ്റിംഗ് ഏരിയ, ഡ്രൈ ഫൗണ്ടൻ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിട്ടിരുന്നത്. നിലവിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രധാന സ്ഥലങ്ങളിലെല്ലാം സി.സി ടിവി കാമറകൾ സ്ഥാപിച്ചതല്ലാതെ അടിസ്ഥാന സൗകര്യം ഒരുക്കലോ നിർമ്മാണമോ കോവളത്ത് നടന്നിട്ടില്ലെന്നാണ് ആരോപണം. രാത്രി ബീച്ചിൽ വെളിച്ചം ഉറപ്പുവരുത്തുന്നതിന് പരിസ്ഥിതിസൗഹൃദ സോളാർ വിളക്കുകൾ സ്ഥാപിച്ചെങ്കിലും പലയിടങ്ങളിലും വെളിച്ചം എത്തിയില്ലെന്ന് കച്ചവടക്കാർ പറയുന്നു.