തിരുവനന്തപുരം: വീടിനോട് ചേർന്ന് സ്വന്തം സ്ഥലത്ത് നിർമ്മിച്ച മതിൽ സമീപത്തെ പുരയിട ഉടമ പൊളിച്ചുമാറ്റിയെന്നും തടയാൻ ശ്രമിച്ച കുടുംബാംഗങ്ങളെ അക്രമിച്ചെന്നും പരാതി. വലിയതുറ ഗവ. യു.പി സ്കൂളിന് സമീപം പ്രിയ ഹൗസിൽ പ്രിയ ഗോപനാണ് വലിയതുറ പൊലീസിൽ പരാതി നൽകിയത്. പ്രിയയുടെ വീടിന് മുൻപിലുള്ള വഴി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സമീപത്തെ പുരയിട ഉടമയുമായി നേരത്തെ തർക്കമുണ്ടായിരുന്നു.
വീടിന് മുൻപിൽ സ്ഥലക്കുറവുള്ളതിനാൽ ഇരുചക്ര വാഹനത്തിനുള്ള വഴി മാത്രമേ നൽകാനാകൂ എന്ന് പ്രിയയുടെ കുടുംബം ഇയാളെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച മതിൽ കെട്ടുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ വീനസിന്റെ നേതൃത്വത്തിൽ പത്തംഗ സംഘം സ്ഥലത്തെത്തി മതിൽ പൊളിച്ചുമാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ സമയം പ്രിയയുടെ സഹോദരനെ ഉപദ്രവിച്ചെന്നും ആശുപത്രിയിൽ പോയ താനും അമ്മയും തിരിച്ചെത്തിയപ്പോൾ അസുഖബാധിതയായ അമ്മയെ തള്ളിയിട്ടെന്നും തടയാൻ ശ്രമിച്ച തന്നെയും ഉദ്രവിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. വിദേശത്ത് ജോലി ചെയ്യുകയാണ് പ്രിയയുടെ ഭർത്താവ്. പ്രിയയുടേതുൾപ്പടെ മൂന്ന് കുടുംബങ്ങളുടെ വീടിന് മുന്നിലൂടെയുള്ള വഴി കോർപ്പറേഷൻ ഇന്റർലോക്ക് ഇട്ട് നൽകിയിരുന്നു. തങ്ങളുടെ നാലര സെന്റ് സ്ഥലത്ത് ഉൾപ്പെടുന്നതാണ് വഴിയെന്നും കാറുൾപ്പടെയുള്ള വാഹനങ്ങൾക്കായി റോഡ് വിട്ടുനൽകാനുള്ള സ്ഥലം ഇവിടെയില്ലെന്നുമാണ് പരാതിക്കാരിയുടെ വാദം. വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു.