തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ സ്ഥലംമാറ്റത്തിനും വർക്കിംഗ് അറേഞ്ച്മെന്റിനുമുള്ള പൊതു മാനദണ്ഡങ്ങൾ മറികടന്ന് ഇഷ്ടക്കാരായ ഡോക്‌ടർമാർക്ക് സ്വന്തം സ്ഥലത്ത് ഇരിപ്പിടമൊരുക്കാൻ ഒത്തുകളി. രാഷ്ട്രീയസ്വാധീനവും സംഘടനാബലവും ഉപയോഗിച്ചാണ് ഡോക്‌ടർമാരുടെ കസേരകളി.
പൊതു സ്ഥലംമാറ്റം ലഭിച്ചവർക്ക് മൂന്നു വർഷം പൂർത്തിയായിക്കഴിഞ്ഞേ മറ്റൊരു സ്ഥലംമാറ്റത്തിന് അർഹതയുള്ളൂവെന്നിരിക്കെ വർക്കിംഗ് അറേഞ്ച്മെന്റിന്റെ മറവിലാണ് രാഷ്‌ട്രീയ സ്വാധീനമുള്ളവർ സ്ഥലംമാറ്റം നേടുന്നത്. സംസ്ഥാനത്തൊട്ടാകെ ഇത് പതിവാണെങ്കിലും തിരുവനന്തപുരത്തും എറണാകുളത്തുമാണ് 'അറേഞ്ച്മെന്റുകാരുടെ' എണ്ണം കൂടുതൽ.
തിരുവനന്തപുരത്ത് പേരൂർക്കട ആശുപത്രിയിൽ മൂന്നു പേരാണ് ഇത്തരത്തിൽ മാനദണ്ഡങ്ങൾ മറികടന്ന് എത്തിയത്- ഗൈനക്കോളജി വിഭാഗത്തിൽ രണ്ടു പേരും ഇ.എൻ.ടിയിൽ ഒരാളും. പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, കൊല്ലം വിക്ടോറിയ,തിരുവല്ല എന്നിവിടങ്ങിലേക്ക് സ്ഥലംമാറ്റം ലഭിച്ചവർ മാസങ്ങൾക്കകം അതത് സ്ഥലങ്ങളിൽ തിരികെയെത്തി.
നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റിന് തൈക്കാട് ആശുപത്രിയിൽ വർക്കിംഗ് അറേഞ്ച്മെന്റ് നൽകിയപ്പോൾ, തൈക്കാടുള്ള ജൂനിയർ കൺസൾട്ടന്റിനെയാണ് അവിടേക്കു നിയമിച്ചത്. എറണാകുളത്ത് ജില്ലാ- താലൂക്ക് ആശുപത്രികളിൽ നിന്ന് സ്ഥലംമാറ്റം ലഭിക്കുന്നവർ ഒരുമാസം തികയും മുമ്പ് പഴയ ഇടങ്ങളിൽത്തന്നെ മടങ്ങിയെത്തുന്നതായും പരാതിയുണ്ട്.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് കൊല്ലത്തേക്ക് സ്ഥലംമാറ്റം ലഭിച്ച ജൂനിയർ കൺസൾട്ടന്റിന് പ്രൊമോഷൻ ലഭിച്ചപ്പോൾ വീണ്ടും ജനറൽ ആശുപത്രിയിൽ നിയമിച്ചത് വിവാദമായിരുന്നു. പത്തനംതിട്ടയിൽ ഒന്നരവർഷമായി ജോലിനോക്കുന്ന സീനിയർ കൺസൾട്ടന്റ് തസ്തികയിലുള്ള വനിതാ ഡോക്ടറുടെ അപേക്ഷ പരിഗണിക്കാതെയായിരുന്നു ഇത്. പരാതിയുമായി വനിതാ ഡോക്ടർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്തു.
ജനറൽ ആശുപത്രിയിൽ തിരിച്ചെത്തിയ ഡോക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ പ്ലാനിംഗ് വിഭാഗത്തിൽ ജോലിചെയ്യുന്ന ഭാര്യയ്ക്കു വേണ്ടി മാസങ്ങൾക്കു മുമ്പ് സമാനമായ രീതിയിൽ ഒത്തുകളി നടത്തിയതായി ആക്ഷേപമുണ്ട്. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസറായിരുന്ന ഇവർക്ക് പ്രമോഷനെ തുടർന്ന് പാലക്കാട്ടേക്ക് നിയമനം ലഭിച്ചെങ്കിലും, ഡയറക്ടറേറ്റിൽത്തന്നെ തിരികെയെത്തിക്കാൻ പാലാ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ തസ്‌തിക മാറ്റി ഡയറക്ടേറ്റിൽ കൂട്ടിച്ചേർക്കുകയായിരുന്നു.
വർക്കിംഗ് അറേഞ്ച്മെന്റ് നൽകുന്നത് സർക്കാരാണ്. ഇപ്പോൾ ഇത്തരം അപേക്ഷകൾ പരിഗണിക്കേണ്ടെന്ന നിർദേശമുണ്ട്
-ആർ.എൽ.സരിത
അരോഗ്യവകുപ്പ് ഡയറക്ടർ