തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുമെന്ന കാര്യത്തിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം ആറ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ആവർത്തിക്കും. വലിയ ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥികൾ വിജയിക്കും. തിരഞ്ഞെടുപ്പിന് യു.ഡി.എഫ് തയ്യാറെടുത്തു കഴിഞ്ഞു. ഘടക കക്ഷികൾ ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടും. പാലായിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല. ഇന്ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ഉപതിരഞ്ഞെടുപ്പുകളെ കുറിച്ച് വിശദമായി ചർച്ച നടത്തും. തികഞ്ഞ ഐക്യത്തോടെയായിരിക്കും കോൺഗ്രസ് പ്രവർത്തിക്കുക. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണ്. ഇത് യു.ഡി.എഫിന് അനുകൂലമാണ്. കോടിയേരിയുടെ പ്രസ്താവനയെ കുറിച്ച് അറിയില്ല. പാലായിൽ മാത്രം ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വിശദമായി പഠിച്ച ശേഷം പ്രതികരിക്കും. ശശി തരൂർ എം.പിയുടെ മോദി അനുകൂല പ്രസ്താവന ദൗർഭാഗ്യകരമാണെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തോട് വിശദീകരണം ചോദിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.