നെടുമങ്ങാട്: കിള്ളിയാറിന് കുറുകെ വട്ടപ്പാറ - നെടുമങ്ങാട് റോഡിൽ വാളിക്കോട്ട് പുതിയ പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2020 മേയിലാണ് കരാർ കാലാവധി അവസാനിക്കുന്നതെങ്കിലും ഒന്നര മാസത്തിനകം പാലം യാഥാർത്ഥ്യമാവുമെന്നാണ് പ്രതീക്ഷ. പാലത്തിന്റെയും ഇരുവശത്തേയും നടപ്പാതയും ഉൾപ്പടെ നിർമ്മിക്കുന്നതിനായി പാലത്തിന്റെ ഇരുവശത്തേയും പത്തര മീറ്ററോളം പുറമ്പോക്ക് പി.ഡബ്ലിയു.ഡി അധികൃതർ അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലെ ആർച്ച് പാലം പൊളിച്ചപ്പോൾ ഇരുകരകളിലും താമസിക്കുന്നവരും നെടുമങ്ങാട് ഗവ. കോളേജ് വിദ്യാർത്ഥികളും ദുരിതത്തിലായിട്ടുണ്ട്. കിള്ളിയാർ കടക്കാൻ ആറിന് കുറുകെ താത്കാലിക നടപ്പാലം നിർമ്മിച്ചെങ്കിലും കാൽനടക്കാരുടെ ജീവന് ഭീഷണിയാണെന്ന പരാതി ഉയർന്നിരുന്നു. നെട്ട, മണക്കോട് നിവാസികളും എസ്.യു.ടി മെഡിക്കൽ കോളേജിലേക്കുള്ള യാത്രക്കാരും കല്ലമ്പാറ വഴി ചുറ്റിസഞ്ചരിക്കുകയാണിപ്പോൾ.