ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം
നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി. സിന്ധു
ഫൈനലിൽ നോസോമി ഒക്കുഹാരയെ
കീഴടക്കിയത് 21-7, 21-7ന്.
ബാസൽ (സ്വിറ്റ്സർലൻഡ്) : ലോക വനിതാ ബാഡ്മിന്റണിന്റെ നെറുകയിൽ സിന്ദൂര തിലകമണിഞ്ഞ് ഇന്ത്യയുടെ രാജകുമാരി പി.വി. സിന്ധു.
ഇന്നലെ നടന്ന ഫൈനലിൽ ജാപ്പനീസ് താരം നോസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കി സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി. തുടർച്ചയായ രണ്ട് ഫൈനലുകളിൽ തോറ്റിരുന്ന സിന്ധു മൂന്നാം അങ്കത്തിൽ എതിരാളിയെ തീർത്തും നിഷ്‌പ്രഭയാക്കി വിജയം നേടിയത് വെറും 38 മിനിട്ടുകൊണ്ടായിരുന്നു. 21-7, 21-7 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വീരഗാഥ.
ഒളിമ്പിക്സിന്റെ ഫൈനലിൽ കളിച്ച ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായി ചരിത്രം സൃഷ്ടിച്ചിരുന്ന സിന്ധു ഇതോടെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അഞ്ച്മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരവുമായി റെക്കാഡിട്ടു. 2013, 2014 ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കലം നേടിയിരുന്ന ഇൗ 24 കാരി കഴിഞ്ഞ രണ്ട് വർഷങ്ങളിലും വെള്ളി കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. തന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോൽപ്പിച്ചിരുന്ന ജാപ്പനീസ് താരത്തെതന്നെ ഫൈനലിൽ കീഴടക്കാൻ കഴിഞ്ഞു എന്ന പകരം വീട്ടലിന്റെ കൗതുകം കൂടി സിന്ധുവിന്റെ ഇൗ കിരീട വിജയത്തിലുണ്ട്.
നേരത്തെ പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം സായ്‌പ്രണീത് വെങ്കലം നേടിയിരുന്നു.
''കഴിഞ്ഞ രണ്ടുതവണയും ഫൈനലുകളിൽ തോൽക്കേണ്ടിവന്നിരുന്നതുകൊണ്ടുതന്നെ ഇൗ വിജയത്തിന് മാധുര്യമേറെയാണ്. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി''.
പി.വി.സിന്ധു.