ലോക ബാഡ്മിന്റൺ റാണിയായി സിന്ധു
ബാസൽ : ഒന്നിൽ പിഴച്ചാൽ മൂന്നെന്ന ചാെല്ല് അന്വർത്ഥമാക്കിയാണ് ഇന്നലെ പി.വി. സിന്ധു ലോക ചാമ്പ്യൻ പട്ടം കഴുത്തിലണിഞ്ഞ് ഇന്ത്യൻ ജനതയുടെ മുഴുവൻ അഭിമാനതാരമായി മാറിയത്. രണ്ടുതവണ കൈയെത്തും ദൂരത്ത് കൈവിട്ടുപോയ കനക കിരീടമാണ് ഇന്നലെ സിന്ധു നേടിയെടുത്തത്. 2017ൽ ആദ്യം ഫൈനലിലെത്തിയപ്പോൾ തന്നിൽ നിന്ന് കിരീടം കവർന്നെടുത്ത നൊസോമി ഒക്കുഹാരയെത്തന്നെ മലർത്തിയടിച്ച സിന്ധു ഫൈനലുകളിൽ തോൽക്കുന്നവളെന്ന തന്റെ ചീത്തപ്പേര് മായ്ച്ചു കളയുകയും ചെയ്തു.
ആദ്യ ഗെയിം മുതൽ അക്രമണം തുടങ്ങിയ സിന്ധുവിന് ഒക്കുഹാരയെ കീഴടക്കാൻ വേണ്ടിവന്നത് വെറും 38 മിനിട്ട് മാത്രമാണ്. 16 മിനിട്ടുകൊണ്ട് ആദ്യ ഗെയിം 21-7ന് സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമും ഇതേ സ്കോറിന് നേടാൻ വേണ്ടിവന്നത് 22 മിനിട്ടുകൾ കൂടിയാണ്.
ആദ്യ ഗെയിമിൽ 22 ഷോട്ടുകൾ പിറന്ന റാലിക്കുശേഷം ആദ്യപോയിന്റ് സ്വന്തമാക്കിയത് ഒക്കുഹാരയാണ്. എന്നാൽ പിന്നീടങ്ങോട്ട് കണ്ടത് സിന്ധുവിന്റെ തേരോട്ടമാണ്. ആക്രമണ ശൈലിക്ക് നിരന്തരം മൂർച്ച കൂട്ടിയ സിന്ധുവിൽ നിന്ന് ഒന്നിനു പിന്നാലെ ഒന്നായി വിന്നറുകൾ പറന്നപ്പോൾ സ്കോർ ബോർഡിൽ 1-1, 2-1, 3-1, 4-1, 5-1, 6-1, 7-1, 8-1 എന്നിങ്ങനെ ഇന്ത്യൻ താരത്തിന്റെ ലീഡ് കുതിച്ചുയർന്നുകൊണ്ടേയിരുന്നു. 8-1 ലെത്തിയപ്പോഴാണ് ജാപ്പനീസ് താരത്തിന് വീണ്ടുമൊരു പോയിന്റ് നേടാനായത്. എന്നാൽ പിന്നീട് തുടർച്ചയായി മൂന്ന് പോയിന്റുകൾ കൂടി നേടി സിന്ധു 11-2ന് ആദ്യ ഇടവേളയിൽ ലീഡു ചെയ്തു.
ഇടവേള കഴിഞ്ഞെത്തിയശേഷമുള്ള ആദ്യ സർവീസ് 27 പിറന്ന റാലിക്കൊടുവിൽ സിന്ധു പോയിന്റാക്കി. അവിടെനിന്ന് 16-2 വരെ സിന്ധുവിന്റെ കുതിപ്പ്. തുടർന്ന് തുടർച്ചയായി രണ്ട് പോയിന്റുകൾ ജാപ്പനീസ് താരത്തിന്. 16-4 എന്ന നിലയിൽ നിന്ന് 19-7 ലേക്ക് സിന്ധു ലീഡുയർത്തുന്നു. ഒടുവിൽ തുടർച്ചയായ രണ്ട് വിന്നറുകളിലൂടെ ഗെയിം സിന്ധുവിന്.
രണ്ടാം ഗെയിമിലും സിന്ധുവിന്റെ ശക്തിക്ക് കുറവുണ്ടായില്ല. 2-0 ത്തിന് മുന്നിലെത്തിയ സിന്ധുവിനെതിരെ ഒരു പോയിന്റ് ഒക്കുഹാരയ്ക്ക് എന്നാൽ 28 ഷോട്ടുകളുടെ റാലിയിൽ വിന്നറുതിർത്ത് സിന്ധു 3-1ന്റെ ലീഡിൽ. 3-2 മുതൽ 9-2 വരെ പിന്നീടങ്ങോട്ട് ഇന്ത്യൻ താരത്തിന്റെ പറക്കൽ. 9-4ൽനിന്ന് 11-4 ന്റെ ലീഡിൽ രണ്ടാം ഗെയിമിന്റെ ഇടവേള.
ഇടവേള കഴിഞ്ഞെത്തിയപ്പോൾ ആദ്യ അഞ്ചുപോയിന്റുകളും സിന്ധുവിന് സ്വന്തം. പിന്നെ കളി തീരും വരെ ജാപ്പനീസ് പെൺകൊടിക്ക് നേടാനായത് മൂന്ന് പോയിന്റുകൾ കൂടി മാത്രം. അവസാനഘട്ടത്തിൽ പതറിപ്പോകാതെ ഉറച്ച മനക്കരുത്തോടെ കളത്തിൽ നിറഞ്ഞുവാഴുകയായിരുന്നു സിന്ധു. ഒടുവിൽ എണ്ണം പറഞ്ഞൊരു വിന്നറിലൂടെ ചരിത്രപ്പിറവി.
ഇൗ നേട്ടത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. എത്രയോ നാളായി ഇൗ നേട്ടത്തിന് കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ഞാനുമൊരു ലോകചാമ്പ്യനായി. പരിശീലകരായ ഗോപിസാറിനും കിം ജി ഹ്യൂനിനും മാതാപിതാക്കൾക്കും നന്ദി. എന്നെ ഞാനാക്കിയ അമ്മയ്ക്ക് ഇതിലേറെ നല്ലൊരു പിറന്നാൾ സമ്മാനം നൽകാനില്ല....
പി.വി സിന്ധു