soorya

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലത്തെ സന്ധ്യയ്ക്ക് പെയ്ത ചാറ്റൽ മഴയ്ക്കൊപ്പം രാഗതാളലയത്തോടെ രാമകൃഷ്ണൻ ഹരീഷിന്റെ ഫ്യൂഷനും പെയ്തിറങ്ങിയപ്പോൾ സംഗീതാസ്വാദകർക്ക് അത് മറക്കാനാകാത്ത അനുഭവമായി മാറി. തൈക്കാട് ഗണേശം ആഡിറ്റോറിയത്തിൽ നടന്ന രണ്ട് മണിക്കൂർ നീണ്ടുനിന്ന 'ലയവിന്യാസം' എന്ന മെഗാ ഫ്യൂഷൻ പ്രോഗ്രാം അക്ഷരാർത്ഥത്തിൽ ആസ്വാദകർക്ക് ഗൃഹാതുരത്വമുണർത്തുന്ന ഒരുപിടി ഗാനങ്ങളുടെ തിരയിളക്കം കൂടിയായി. മലയാളം, ഹിന്ദി,​ തമിഴ് പാട്ടുകളെ പരമ്പരാഗത വാദ്യോപകരണങ്ങൾ ഉൾപ്പെടെയുള്ളവയുടെ അകമ്പടിയോടെ അവതരിപ്പിച്ചപ്പോൾ കുഞ്ഞിക്കൈകൾ പോലും താളംപിടിച്ചു. ബാല്യകാല സ്‌മരണകൾ ഉണർത്തുന്ന ഓലേഞ്ഞാലി കുരുവി,​ കൃഷ്ണഭക്തിയുടെ പാരമ്യത്തിൽ സംഗീതാസ്വാദകരെ എത്തിച്ച അലൈപായുതേ കണ്ണാ,​ കദളി കങ്കദളി ചെങ്കദളി പൂ വേണോ തുടങ്ങിയ ഗാനങ്ങളുടെ ഫ്യൂഷനും പ്രേക്ഷകമനം കവർന്നു.

ഇതിനോടകം 200 വേദികളിൽ ഹരീഷ് തന്റെ ലയവിന്യാസം ഫ്യൂഷൻ അവതരിപ്പിച്ചിട്ടുണ്ട്. നാല് വയസിൽ ചെണ്ട പഠിച്ചു കൊണ്ടായിരുന്നു തുടക്കം. കഴക്കൂട്ടം സ്വദേശിയായ പിതാവ് രാമകൃഷ്ണൻ മൃദംഗ വിദ്വാനാണെങ്കിലും ഹരീഷിന് അതിനോട് താത്പര്യമില്ല. അമ്മ സീതാദേവി ഗായികയാണ്. വിവിധ തലത്തിലുള്ള സംഗീതത്തെ കോർത്തിണക്കി ഫ്യൂഷൻ അവതരിപ്പിക്കുകയെന്ന ആശയം അച്ഛനാണ് മുന്നോട്ട് വച്ചത്. നിരന്തര പരിശ്രമത്തിന് ശേഷം 12-ാം വയസിൽ സ്വയം ഫ്യൂഷൻ സംവിധാനം ചെയ്തു. വിജയമായതോടെ ആത്മവിശ്വാസമേറി. ഇതിനിടെ വയലിനും പഠിച്ചു. ഗിറ്റാറും ഡ്രംസും കീബോർഡും ഇന്റർനെറ്റിന്റെ സഹായത്തോടെ സ്വയം പഠിക്കുകയും ചെയ്തു. മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജിൽ ഒന്നാംവർഷ ബി.ടെക് വിദ്യാർത്ഥിയായ ഹരീഷിന് വലിയൊരു സംഗീത സംവിധായകനാകണമെന്നാണ് ആഗ്രഹം. ഗോപീ സുന്ദറാണ് ഏറ്റവും ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ.