മൂന്നാംടെസ്റ്റിൽ 359 റൺസ് ചേസ്
ചെയ്ത് ഒറ്റവിക്കറ്റിന് ജയിച്ചു
പുറത്താകാതെ 135 റൺസ് നേടിയ
ബെൻ സ്റ്റോക്സ് വിജയശില്പി
ഹെഡിംഗ്‌ലി : അത്‌ഭുതങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ അവസാനിച്ചിട്ടില്ലെന്ന് വിളിച്ചുപറഞ്ഞ് ആഷസ് പരമ്പരയിൽ ഏകദിന ലോകകപ്പ് ജേതാക്കളുടെ ത്രസിപ്പിക്കുന്ന ചേസിംഗ് വിജയം.
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ആസ്ട്രേലിയ നൽകിയ 359 റൺസിന്റെ ലക്ഷ്യം നാലാംദിവസം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ മറികടന്ന അഞ്ച് മത്സര ഇംഗ്ളണ്ട് പരമ്പര 1-1ന് സമനിലയിലുമാക്കി.
156/3 എന്ന നിലയിൽ നാലാംദിവസം കളിക്കാനിറങ്ങിയ ഇംഗ്ളണ്ട് പുറത്താകാതെ 135 റൺസ് നേടിയ ബെൻ സ്റ്റോക്‌സ്, ജോറൂട്ട് (77), ഡെൻലി (50), ബെയർ സ്റ്റോ (35), ആർച്ചർ (15) എന്നിവരുടെ പോരാട്ട വീര്യത്തിലാണ് അവിസ്മരണീയ വിജയം നേടിയെടുത്തത്.
രാവിലെ തുടക്കത്തിൽതന്നെ റൂട്ടിനെ നഷ്ടമായെങ്കിിലും സ്റ്റോക്സും ബെയർ സ്റ്റോയും ചേർന്ന് പാറ പോലെ ഉറച്ചുനിന്ന് 86 റൺസ് നേടിയതോടെ ഇംഗ്ളണ്ടിന് പ്രതീക്ഷയുണർന്നു. ടീം സ്കോർ 245 ൽ വച്ച് ബെയർ സ്റ്റോ പുറത്തായശേഷം സ്റ്റോക്സിന്റെ ഒറ്റയാൾ പ്രകടനമായിരുന്നു. ബട്ട്ലർ (1), വോക്സ് (1), ആർച്ചർ (15), ബ്രോഡ് (0) എന്നിവർ പുറത്തായപ്പോഴും പതറാതെ സ്റ്റോക്‌സ് സ്ട്രൈക് കൂടുതൽ ഏറ്റെടുത്ത് വിജയത്തിലേക്ക് മുന്നേറി. അവസാന നാല് വിക്കറ്റുകൾക്കിടയിലെ 117 റൺസിൽ 90 റൺസിലേറെ സ്റ്റോക്സിന്റെ ബാറ്റിൽനിന്നായിരുന്നു ലോകകപ്പ് ഫൈനലിലെ ഹീറോയായ സ്റ്റോക്സ് 219 പന്തുകളിൽ 11 ബൗണ്ടറികളും എട്ട് സിക്സുമടക്കമാണ് 135 റൺസിലെത്തിയത്. 17 പന്ത് നേരിട്ട് പുറത്താകാതെ 11-ാമത് ലീച്ച് സ്റ്റോക്സിന് പിന്തുണ നൽകി.
76 റൺസാണ് 10-ാം വിക്കറ്റിൽ സ്റ്റോക്സും ലീച്ചും കൂട്ടിച്ചേർത്തത്. ഇതിൽ ലീച്ചിന്റെ സംഭാവന ഒരു റൺസ് മാത്രം. വിജയിക്കുന്ന ഒരുടെസ്റ്റിലെ ഏറ്റവും ഉയർന്ന 10-ാം വിക്കറ്റ് കൂട്ടുകെട്ടാണിത്.