india-windies-
india windies

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 343/7 ഡിക്ളയേഡ്

അജിങ്ക്യ രഹാനെയ്ക്ക് സെഞ്ച്വറി (102), ഹനുമ വിഹാരി 93

രണ്ടാം ഇന്നിംഗ്സിൽ വിൻഡീസ് 15/5

ആന്റിഗ്വ : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ വമ്പൻ ലീഡ് നേടിയ ഇന്ത്യയ്ക്കെതിരെ 419 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് ദാരുണ തകർച്ച . 343/7 എന്ന സ്കോറിൽ നാലാംദിവസം ഡിക്ളയർ ചെയ്ത ഇന്ത്യയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിൽ ചായസമയത്ത് വിൻഡീസ് 15/5 എന്ന നിലയിലെത്തി.

സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയും ( 102) സെഞ്ച്വറിക്കരികിലെത്തിയ ഹനുമ വിഹാരിയും (93) ചേർന്നാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. നാലാം വിക്കറ്റിൽ 135 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്.

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 287 റൺസിന് പുറത്തായിരുന്നു. വെസ്റ്റ് ഇൻഡീസ് 222ന് ആൾ ഒൗട്ടായി. മൂന്നാം ദിവസം രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 185/3 എന്ന നിലയിലായിരുന്നു ഇന്ത്യ. 51 റൺസുമായി നിന്ന നായകൻ വിരാട് കൊഹ്‌ലി ഇന്നലെ നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്തായി. റോൾട്ടൺ ചേസിന്റെ പന്തിൽ കാംപ്ബെല്ലിനായിരുന്നു ക്യാച്ച്. തുടർന്ന് രഹാനെയും ഹനുമ വിഹാരിയും ചേർന്ന് ലഞ്ചുവരെ വിക്കറ്റ് നഷ്ടം കൂടാതെ മുന്നേറി. സെഞ്ച്വറി തികച്ച് രഹാനെ മടങ്ങി. ആദ്യ ഇന്നിംഗ്സിൽ 81 റൺസ് നേടിയിരുന്ന രഹാനെ രണ്ടാം ഇന്നിംഗ്സിലും തകർപ്പൻ പ്രകടനം പുറത്തെടുക്കുകയായിരുന്നു.242 പന്തുകൾ നേരിട്ട രഹാനെ അഞ്ച് ബൗണ്ടറികൾ പായിച്ചു. തുടർന്ന് റിഷഭ് പന്ത് ഏഴുറൺസുമായി മടങ്ങി.സെഞ്ച്വറി നേടാനാകാതെ വിഹാരി പുറത്തായതോടെയാണ് 418 റൺസ് ലീഡിൽ ഇന്ത്യ ഡിക്ളയർ ചെയ്തത്.

തുടർന്നിറങ്ങിയ ആതിഥേയരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശർമ്മയും ചേർന്നാണ് തകർത്തത്.ബ്രാത്ത്‌വെയ്റ്റ്(1) , കാംപ്ബെൽ(7), ബ്രൂക്സ്(2),ബ്രാവോ(2),ഹെട്മേയർ(1) എന്നിവരാണ് പുറത്തായത്.