ആന്റിഗ്വ : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 318 റൺസിന്റെ തകർപ്പൻജയം.
രണ്ടാം ഇന്നിംഗ്സിൽ വമ്പൻ ലീഡ് നേടിയ ഇന്ത്യയ്ക്കെതിരെ 419 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് നാലാം ദിനം വെറും 100 റൺസിന് ആൾഔട്ടാവുകയായിരുന്നു. സ്കോർ: ഇന്ത്യ 297/10, 343/7ഡിക്ലയേർഡ്.വെസ്റ്രിൻഡീസ് 222 /10,100 /10.
5 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും 3 വിക്കറ്റെടുത്ത ഇഷാന്ത് ശർമ്മയും 2 വിക്കറ്രെടുത്ത മുഹമ്മദ് ഷമിയുമാണ് വിൻഡീസിനെ രണ്ടാം ഇന്നിംഗ്സിൽ അതിവേഗം എറിഞ്ഞ് വീഴ്ത്തിയത്. 50/9 എന്ന നിലയിൽ തകർന്ന വിൻഡീസിനെ അവസാന വിക്കറ്രിൽ റോച്ചും (38), കുമ്മിൻസും (19) ചേർന്നാണ് 100ൽ എത്തിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പരമ്പരയായതിനാൽ ഇന്ത്യയ്ക്ക് 60 പോയിന്റ് ലഭിച്ചു.
നേരത്തേ 343/7 എന്ന സ്കോറിൽ നാലാംദിവസം ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയും ( 102) സെഞ്ച്വറിക്കരികിലെത്തിയ ഹനുമ വിഹാരിയും (93) ചേർന്നാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. നാലാം വിക്കറ്റിൽ 135 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 287 റൺസിന് പുറത്തായിരുന്നു. വെസ്റ്റ് ഇൻഡീസ് 222ന് ആൾ ഒൗട്ടായി. മൂന്നാം ദിവസം രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 185/3 എന്ന നിലയിലായിരുന്നു ഇന്ത്യ. 51 റൺസുമായി നിന്ന നായകൻ വിരാട് കൊഹ്ലി ഇന്നലെ നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്തായി. റോൾട്ടൺ ചേസിന്റെ പന്തിൽ കാംപ്ബെല്ലിനായിരുന്നു ക്യാച്ച്. തുടർന്ന് രഹാനെയും ഹനുമ വിഹാരിയും ചേർന്ന് ലഞ്ചുവരെ വിക്കറ്റ് നഷ്ടം കൂടാതെ മുന്നേറി. സെഞ്ച്വറി തികച്ച് രഹാനെ മടങ്ങി. ആദ്യ ഇന്നിംഗ്സിൽ 81 റൺസ് നേടിയിരുന്ന രഹാനെ രണ്ടാം ഇന്നിംഗ്സിലും തകർപ്പൻ പ്രകടനം പുറത്തെടുക്കുകയായിരുന്നു.242 പന്തുകൾ നേരിട്ട രഹാനെ അഞ്ച് ബൗണ്ടറികൾ പായിച്ചു. തുടർന്ന് റിഷഭ് പന്ത് ഏഴുറൺസുമായി മടങ്ങി.സെഞ്ച്വറി നേടാനാകാതെ വിഹാരി പുറത്തായതോടെയാണ് 418 റൺസ് ലീഡിൽ ഇന്ത്യ ഡിക്ളയർ ചെയ്തത്.
തുടർന്നിറങ്ങിയ ആതിഥേയരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശർമ്മയും ചേർന്നാണ് തകർത്തത്.ബ്രാത്ത്വെയ്റ്റ്(1) , കാംപ്ബെൽ(7), ബ്രൂക്സ്(2),ബ്രാവോ(2),ഹെട്മേയർ(1) എന്നിവരാണ് പുറത്തായത്.