തിരുവനന്തപുരം: അമേരിക്കയിലെ ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ മന്ദിര നിർമ്മാണത്തിനായി ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ തേക്കിൻതടികൊണ്ട് നിർമ്മിച്ച നിധിപേടകം. ആശ്രമം ഉപദേശക സമിതി ചെയർപേഴ്സണും അമേരിക്കയിൽ സ്ഥിരതാമസക്കാരനുമായ ഡോ. ശിവദാസൻ മാധവൻ ചാന്നാർ ആണ് കാണിക്കനിധി സംഭാവന ചെയ്തത്.
നിധിപേടകം ആശ്രമത്തിൽ സ്ഥാപിക്കുന്നതിനായി സ്വാമി ഗുരുപ്രസാദിന് കൈമാറി. ആശ്രമത്തിനായി നിർമ്മിക്കുന്ന ഗസ്റ്റ് ഹൗസിൽ ഒരു മുറി പണികഴിപ്പിക്കാമെന്ന് ഡോ. ശിവദാസൻ മാധവൻ ചാന്നാർ വാഗ്ദാനം ചെയ്തു. ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനായിരുന്ന ആലുംമൂട്ടിൽ ചാന്നാരുടെ അനന്തര തലമുറക്കാരനാണ് ഇദ്ദേഹം. ശിവഗിരി മഠത്തിലെ ദൈവദശകം ശതാബ്ദി സ്മാരക മന്ദിരത്തിൽ ഒരു സ്യൂട്ട് റൂം ആലുംമൂട്ടിൽ കുടുംബം പണികഴിപ്പിച്ചിരുന്നു. ഗുരുദേവന് യാത്രചെയ്യാൻ കാർ വാങ്ങി കാഴ്ചവയ്ക്കുകയും മഹാത്മാഗാന്ധിയുമായി ഗുരുദേവന്റെ കൂടിക്കാഴ്ച നടന്ന വനജാക്ഷി മന്ദിരവും ശാരദാമഠത്തിനു സമീപമുള്ള വനജാക്ഷി മണ്ഡപവും പണികഴിപ്പിച്ച് നല്കുകയും ചെയ്തത് ആലുംമൂട്ടിൽ ചാന്നാർ ആയിരുന്നു.