കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തോട് റെയിൽവേ മുഖംതിരിക്കുന്നു. കൊല്ലത്തിനും തിരുവനന്തപുരത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് ബി ഗ്രേഡ് സ്റ്റേഷൻ എന്ന പദവിയും റെയിൽവേ കൊടുത്തിട്ടുണ്ട്. കടയ്ക്കാവൂർ, വക്കം, മണമ്പൂർ, അഞ്ചുതെങ്ങ്, തുടങ്ങിയ പഞ്ചായത്തുകളിലെ നിവാസികൾ പൂർണമായും ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ താമസിക്കുന്നവർ ഭാഗികമായും ട്രെയിൻ യാത്രയ്ക്ക് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. മിസോറാം ഗവർണറായിരുന്ന വക്കം പുരുഷോത്തമന് കടയ്ക്കാവൂർ പൗരാവലി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ശ്രമഫലമായി രണ്ട് ദീർഘദൂര ട്രെയിനുകൾക്ക് കടയ്ക്കാവൂരിൽ സ്റ്റാേപ്പ് അനുവദിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു. അടിയന്തരമായി ദീർഘദൂര ട്രെയിനുകൾക്ക് കടയ്ക്കാവൂരിൽ സ്റ്റാേപ്പുകൾ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ദീർഘ ദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ റയിൽവേയ്ക്കും നിയോജക മണ്ഡലത്തിലെ കാര്യങ്ങളിൽ ബദ്ധ ശ്രദ്ധനായ നിലവിലെ എം.പി അടൂർ പ്രകാശിനും അപേക്ഷകൾ നൽകി കാത്തിരിക്കയാണ് ജനങ്ങൾ..