patiala-necklace

ഇന്ത്യയിൽ നിന്നും ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ എത്തിപ്പെട്ട കോഹിനൂർ രത്നത്തിന്റെ കഥ വളരെ പ്രസിദ്ധമാണ്. അതുപോലെ പ്രസിദ്ധമായ മറ്റൊരു അമൂല്യ വസ്‌തുവാണ് പാട്യാല നെക്‌ലസ്. പാട്യാലയിലെ മഹാരാജാവ് ആയിരുന്ന ഭൂപീന്ദർ സിംഗിനു വേണ്ടി പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്‌ത ആഭരണ,​ വാച്ച് നിർമാതാക്കളായ കാർട്ടിയർ 1928ലാണ് പാട്യാല നെക്‌ലസ് നിർമിക്കുന്നത്. കാർട്ടിയർ ഇതേവരെ നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപ്പിടിപ്പുള്ളതും വിശിഷ്‌ടവുമായ ആഭരണങ്ങളിൽ ഒന്നാണ് പാട്യാല നെക്‌ലസ്.

ഏകദേശം 125 മില്യൺ ഡോളർ വിലമതിക്കുന്ന ഈ നെക്‌ലസ് 2,930 വജ്രക്കല്ലുകളാൽ അലങ്കരിച്ചിട്ടുണ്ട്.

നെക്‌ലസിന്റെ മദ്ധ്യഭാഗത്ത്, അന്ന് ഉണ്ടായിരുന്നതിൽ വച്ച് ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ ഡയമണ്ട് ആയ 'ഡി ബിയർസ് ' ആയിരുന്നു പതിപ്പിച്ചിരുന്നത്. മൂന്ന് വർഷം കൊണ്ടാണ് ഈ നെക്‌ലസിന്റെ പണി പൂർത്തിയാക്കിയത്. 234.65 കാരറ്റ് ഭാരമുണ്ടായിരുന്ന ഡി ബിയർസിനെ കൂടാതെ 18 മുതൽ 73 കാരറ്റ് വരെയുള്ള വലിയ ഡയമണ്ടുകളും ബർമീസ് മാണിക്യ കല്ലുകളും പതിപ്പിച്ചിട്ടുണ്ട്.

പക്ഷേ, 1948ൽ പാട്യാല റോയൽ ട്രഷറിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ ഈ നെക്‌ലസ് കാണാതായി. പിന്നീട് 1998ൽ നെക്‌ലസിന്റെ ഒരുഭാഗം ലണ്ടനിലെ ഒരു സെക്കന്റ് ഹാൻഡ‌് ജുവലറി കടയിൽ നിന്നും കാർട്ടിയർ കമ്പനി ഉദ്യോഗസ്ഥനായ എറിക് നസ്ബോം കണ്ടെത്തി. എന്നാൽ, നെക്‌ലസിന്റെ മദ്ധ്യത്തുണ്ടായിരുന്ന ഡി ബിയർസ് ഡയമണ്ടുൾപ്പെടെയുള്ള വജ്രക്കല്ലുകളും മാണിക്യകല്ലുകളും അപ്രത്യക്ഷമായിരുന്നു.

കാണാതായവ കണ്ടെത്താൻ കാർട്ടിയർ നടത്തിയ എല്ലാ ശ്രമങ്ങളും വിഫലമായി. ഒടുവിൽ നാല് വർഷത്തിന് ശേഷം കാർട്ടിയർ സിന്തറ്റിക് ഡയമണ്ടുകൾ ഉപയോഗിച്ച് നെക്‌ലസിന്റെ ഒരു പകർപ്പ് നിർമിച്ചു. വളരെ അമൂല്യമായ പാട്യാല നെക്‌ലസ് എങ്ങനെയാണ് കാണാതായതെന്നും നെക്‌ലസിന്റെ മദ്ധ്യത്തെ അമൂല്യമായ രത്നങ്ങൾ എവിടെയാണെന്നതും ഇന്നും അജ്ഞാതമാണ്.