aug26a

ആറ്റിങ്ങൽ: ദേശീയപാതയിൽ ടി.ബി ജംഗ്‌ഷനിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു.ഇന്നലെ രാവിലെ 8.45 നായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്ന് വർക്കല ഭാഗത്തേക്ക് പോകുകയായിരുന്ന അനന്തപുരി എന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്ന് അമിത വേഗതയിൽവന്ന ടിപ്പറും ഇടിക്കുകയായിരുന്നു.വിഷ്ണുദാസൻ (63) വെള്ളല്ലൂർ, വിഘ്‌നേഷ് (18) കഠിനംകുളം, ശ്രാവൺ (18) ഞെക്കാട്, അഭിരാമി (19) ഇളമ്പ, അനശ്വര (19) ആറ്റിങ്ങൽ, ആതിര (19) ആറ്റിങ്ങൽ, രമണി (58) വെള്ളല്ലൂർ, അശ്വനി (17) ചിറയിൻകീഴ്, ആസിയ (17) ചിറയിൻകീഴ്, അഖിൽ (23) പൊയ്കമുക്ക്,​ അക്ഷയ (18)​ ആറ്റിങ്ങൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വിവരമറിഞ്ഞ് ആംബുലൻസുമായി എത്തിയ ഫയർഫോഴ്സ് പരിക്കേറ്റവരെ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു. ആറ്റിങ്ങൽ പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.