തിരുവനന്തപുരം: തർക്കങ്ങളില്ലാത്ത ഭൂരേഖകൾ ഇ-ഗവേണൻസ് പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. വെല്ലുവിളി ഉയർത്തുന്ന ജോലിയാണെങ്കിലും അത് സമൂഹത്തിന് ഗുണകരമാകുമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മികച്ച ഭരണത്തിന് ഇ - ഗവേണൻസ് ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമാനുസൃതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുകയും അർഹരിലേക്ക് ഗുണഫലങ്ങൾ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ഓരോ ഓഫീസിന്റെയും ജോലി. എന്നാൽ, സേവനം വിതരണം ചെയ്യുന്ന പ്രക്രിയയിൽ തടസങ്ങളും കാലതാമസവും ഉണ്ടാകുന്നുണ്ട്. ഇവിടെയാണ് ഇ - ഗവേണൻസിലൂടെയുള്ള സേവനവിതരണത്തിലെ വേഗതയും സുതാര്യതയും പ്രത്യാശ നൽകുന്നത്. സമ്പൂർണമായും ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. സമ്പൂർണ ഡിജിറ്റൽ ശാക്തീകരണമാണ് ഇനിയുള്ള ലക്ഷ്യം.
ഇ - ഗവേണൻസ് സംരംഭങ്ങൾ പൂർണമായും നടപ്പാക്കുമ്പോൾ തന്നെ സാങ്കേതികവിദ്യയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനെപ്പറ്റി നിരന്തരസംവാദങ്ങൾ വേണമെന്നും ഗവർണർ നിർദ്ദേശിച്ചു.
ഭരണപരിഷ്കരണ കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ.വി. ഈപ്പൻ, കേന്ദ്ര പ്രതിരോധ ഉത്പാദന സെക്രട്ടറി ഡോ. അജയ്കുമാർ, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവർ സംസാരിച്ചു. ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ സ്വാഗതവും ഭരണപരിഷ്‌കാര കമ്മിഷൻ മെമ്പർ സെക്രട്ടറി ഷീലാ തോമസ് നന്ദിയും പറഞ്ഞു.