പ്രശസ്ത പത്രപ്രവർത്തകനും കേരളകൗമുദിയുടെ അസോസിയേറ്റ് എഡിറ്ററുമായിരുന്ന കെ. വിജയരാഘവൻ ഒാർമ്മയായിട്ട് ഇരുപത്തിനാലുവർഷം പിന്നിട്ടിരിക്കുന്നു. അത്രയും നാളുകൾ ഒരു ചെറിയ കാലയളവല്ല. എങ്കിലും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും അദ്ദേഹത്തെ അടുത്തറിഞ്ഞവരുടെയും സ്മരണയിൽ ഇന്നും ദീപ്തമാണ് ആ വ്യക്തിപ്രഭാവം.
കെ. വിജയരാഘവന്റെ വേർപാട് മാധ്യമലോകത്തിന് ഒരു നഷ്ടമാണെന്ന് പറയുന്നത് വെറും ഭംഗിവാക്കല്ല. രാഷ്ട്രീയവും പത്രപ്രവർത്തനവും സാമൂഹികമായ ലക്ഷ്യബോധത്തോടെയുള്ള സമർപ്പിതമായ തപസ്യയാണെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ച അപൂർവ വ്യക്തികളിൽ ഒരാളാണ് സ്മര്യപുരുഷൻ. പത്രപ്രവർത്തനത്തിലേക്ക് വരുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ പൂർവാശ്രമം രാഷ്ട്രീയമായിരുന്നു. ആ രണ്ട് മണ്ഡലങ്ങളിലും അദ്ദേഹം സഹപ്രവർത്തകർക്ക് അറിവിന്റെ സ്രോതസും ഉത്തമനായ വഴികാട്ടിയുമായിരുന്നു.
ആരിലും മതിപ്പും വിശ്വാസവും ഉളവാക്കിയതായിരുന്നു വിജയരാഘവന്റെ പത്രപ്രവർത്തനശൈലി. വാർത്തയിലായാലും മുഖപ്രസംഗത്തിലായാലും താൻ എഴുതുന്ന കാര്യങ്ങൾക്ക് തികഞ്ഞ വിശ്വാസ്യതയും ശക്തിയും കലർപ്പില്ലായ്മയും മികവും ഉണ്ടായിരിക്കണമെന്നും അങ്ങേയറ്റം നിഷ്കർഷ പുലർത്തിയിരുന്നു. വിദ്യാർത്ഥിയായിരിക്കവേ സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അദ്ദേഹം ഇടയ്ക്കുവച്ച് മടുപ്പുതോന്നി രാഷ്ട്രീയപ്രവർത്തനം മതിയാക്കിയെങ്കിലും ആ രംഗത്ത് ആർജ്ജിച്ച സൈദ്ധാന്തികമായ അറിവും തീഷ്ണമായ അനുഭവസമ്പത്തും കുറച്ചൊന്നുമായിരുന്നില്ല. മാർക്സിസം-ലെനിനിസത്തിൽ അദ്ദേത്തിനുണ്ടായിരുന്ന അവഗാഹം അടുത്തറിഞ്ഞവർക്കേ അറിയൂ. അടിസ്ഥാനപരമായി വിവേകിയായ രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു അദ്ദേഹം. അതിനാലായിരിക്കണം രാഷ്ട്രീയ സംഭവ വികാസങ്ങളുടെ വരുംവരായ്കകൾ കൂലങ്കഷമായി നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ അദ്ദേഹത്തിന് ഒരിക്കലും പിഴവു പറ്റിയിരുന്നില്ല. അനിതര സാധാരണമായിരുന്നു അദ്ദേഹത്തിന് അക്കാര്യത്തിൽ ഉണ്ടായിരുന്ന ഉൾക്കാഴ്ചയും നിരീക്ഷണപാടവവും. അതുകൊണ്ടുതന്നെ കക്ഷിഭേദമെന്യേ രാഷ്ട്രീയ നേതാക്കന്മാരുടെ ആദരവും അടുപ്പവും വിശ്വാസവും നേടാൻ കഴിഞ്ഞിരുന്നു.
കെ. വിജയരാഘവൻ ഉൗഹിച്ചും കേട്ടുകേൾവിവച്ചും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകനായിരുന്നില്ല. വാർത്തകൾ അവയുടെ ഉറവിടവും നിജസ്ഥിതിയും അന്വേഷിച്ചുറപ്പാക്കിയേ നല്കിയിരുന്നുള്ളൂ. അദ്ദേഹത്തിന്റെ നിയമസഭാ അവലോകനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. നിയമസഭയിൽ കേട്ടതിന്റെയും കണ്ടതിന്റെയും കാതൽ അരിച്ചെടുത്ത് ഒരു ചിമിഴിലെന്നപോലെ ഒതുക്കി സുഗ്രാഹ്യമായി എഴുതാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഒന്ന് വേറെ തന്നെയായിരുന്നു.
അറിവിന്റെയും അനുഭവങ്ങളുടെയും ഒരു മഹാമേരുവാണ് ഉള്ളിലുണ്ടായിരുന്നതെങ്കിലും അതൊന്നും പ്രകടമാക്കാത്ത അന്തർമുഖനായിരുന്നു അദ്ദേഹം. എന്നാൽ സ്വന്തം തൊഴിലിൽ താൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തീർക്കാൻ എത്രനേരം മുഷിഞ്ഞിരുന്ന് പണിയെടുക്കാനും അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. പച്ചയായി പറഞ്ഞാൽ പത്രപ്രവർത്തനത്തിൽ മാടുപോലെ പണിയെടുക്കുകയും കൂടെയുള്ളവരെ അങ്ങനെ പണിയെടുപ്പിക്കുകയും ചെയ്യുന്ന പ്രകൃതം. ഏതാണ്ട് പതിനഞ്ചുവർഷം അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ജോലി ചെയ്ത എനിക്ക് അക്കാര്യത്തിലുണ്ടായ ചില അനുഭവങ്ങൾ അസഹ്യമായി തോന്നിയെങ്കിലും അതിലൂടെ ലഭിച്ച ശിക്ഷണം പിൽക്കാലത്ത് എത്ര പ്രയാസമേറിയ ജോലിയും ഏറ്റെടുത്തുചെയ്യാൻ ഉപകരിച്ചു.
രാഷ്ട്രീയത്തിലായിരുന്നപ്പോഴും പത്രപ്രവർത്തകനായിരുന്നപ്പോഴും ഇടതുപക്ഷ മനസായിരുന്നു കെ. വിജയരാഘവന്റേത്. കാപട്യമോ കല്മഷമോ ധാർഷ്ട്യമോ ഇല്ലാത്ത സ്വഭാവം. സംശുദ്ധി സ്വകാര്യജീവിതത്തിൽ മാത്രമല്ല, സ്വന്തം തൊഴിലിലും വിജയരാഘവൻ നിഷ്കർഷതയോടെ പാലിച്ചിരുന്നു. ഒരിക്കലും അവിഹിത സ്വാധീനങ്ങൾക്ക് വഴങ്ങിയിരുന്നില്ല. ഒരവസരത്തിൽ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ അഡിഷണൽ ഡയറക്ടർ സ്ഥാനം സ്വീകരിക്കാൻ ഉന്നതങ്ങളിൽനിന്ന് ഏറെ പ്രേരണ ചെലുത്തിയിട്ടും സർക്കാരിന്റെ ക്ഷണം അദ്ദേഹം നിരസിക്കുകയാണ് ചെയ്തത്. ആർക്കു വേണ്ടിയും അധികാരസ്ഥാനങ്ങളിൽ ശുപാർശ ചെയ്യുന്നതിൽ വിമുഖനുമായിരുന്നു.
വാക്കിലും പ്രവൃത്തിയിലും സംശുദ്ധിയും സത്യസന്ധതയും അദ്ദേഹത്തിന് ജീവിതചര്യയുടെ ഭാഗമായിരുന്നു. ജീവിതത്തിലെ ലാളിത്യവും ജീവിതാഭിലാഷങ്ങളുടെ മിതത്വവും അദ്ദേഹത്തിന്റെ നിഷ്ഠകളായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അടുത്തറിഞ്ഞവർക്കെല്ലാം അദ്ദേഹം പ്രിയങ്കരനുമായിരുന്നു.
കെ. വിജയരാഘവൻ എനിക്ക് സഹപ്രവർത്തകൻ മാത്രമായിരുന്നില്ല. അതിലുപരി പത്രപ്രവർത്തനത്തിൽ ഗുരുസ്ഥാനീയനും ജീവിതത്തിൽ വഴികാട്ടിയുമായിരുന്നു. പത്രപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയായ ആ സ്നേഹധനനെക്കുറിച്ചുള്ള ഒാർമ്മയ്ക്കു മുമ്പിൽ ഒരിക്കൽ കൂടി എന്റെ പ്രണാമം.