നെയ്യാറ്റിൻകര: യുവതിയും ഗർഭിണിയുമായ വീട്ടമ്മ വാടകവീട്ടിൽ ദേഹത്തു തീപടർന്ന് വെന്തു മരിച്ചു. പരശുവയ്ക്കൽ ആലമ്പാറ സ്വദേശി ശ്രീജിത്തിന്റെ ഭാര്യ ബി.എസ്. ദേവികയാണ് പാറശാലയ്ക്കു സമീപം ചെങ്കൽ വട്ടവിളയിലെ വാടകവീട്ടിൽ മരണമടഞ്ഞത്. നെഞ്ചിലും കൈകാലുകളിലും ഗുരുതരമായി പൊള്ളലേറ്റ ശ്രീജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ ഇവരുടെ അഞ്ചുവയസുകാരനായ മകൻ ദേവജിത് വീടിനു മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിൽ ഉറങ്ങുകയായിരുന്നു.
ഞായറാഴ്ച രാത്രി ഒൻപതരയോടെ ശ്രീജിത്തിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ദേവികയുടെ ശരീരത്തിൽ തീ ആളിപ്പടരുന്നതും ശ്രീജിത്ത് ഭാര്യയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതുമാണ് കണ്ടത്. ഇരുവരെയും നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവിക മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ശ്രീജിത്തിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വീട്ടുവഴക്കിനെ തുടർന്ന് ദേവിക ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നും, രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ തനിക്ക് പൊള്ളലേറ്റെന്നുമാണ് ശ്രീജിത്തിന്റെ മൊഴി. വൈകിട്ട് കാറിൽ കുടുംബസമേതം പുറത്തുപോയി മടങ്ങിവരുമ്പോഴേക്കും കുട്ടി ഉറക്കമായിരുന്നെന്നും, അതുകൊണ്ട് കാറിൽത്തന്നെ കിടത്തിയെന്നും ശ്രീജിത്ത് പറയുന്നു.
പരശുവയ്ക്കൽ ആലമ്പാറ ചിറക്കോണം സ്വദേശിയായ ശ്രീജിത്ത് നെയ്യാറ്റിൻകരയിലെ ഇരുമ്പ് വ്യാപാരക്കടയിൽ ജീവനക്കാരാണ്. അരുവിക്കര ചെറിയകൊണ്ണി സ്വദേശി നാരായണൻകുട്ടിയുടെയും ശൈലജയുടെയും മകളാണ് ദേവിക. ഒന്നര മാസത്തോളം മുമ്പാണ് ഇവർ വട്ടവിളയിലെ വാടകവീട്ടിൽ താമസത്തിനെത്തിയത്.
ദേവിക കുറച്ചുനാൾ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലിചെയ്തിരുന്നു.
ദേവികയെ ചികിത്സിക്കുന്ന ഗൈനക്കോളജിസ്റ്റിനെ കാണാൻ ഇവർ ഞായറാഴ്ച കുടുംബസമേതം കാറിൽ പോയിരുന്നു. ദേവിയെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റുമായി കുറച്ചുനാൾ മുമ്പാണ് ശ്രീജിത്ത് പഴയ ആൾട്ടോ കാർ വാങ്ങിയത്. സന്ധ്യ കഴിഞ്ഞ് ഇരുവരും തമ്മിൽ വഴക്കു നടന്നതായും ശ്രീജിത്ത് ഉറക്കെ സംസാരിക്കുന്നത് കേട്ടതായും അയൽവാസികൾ പറയുന്നുണ്ട്. വഴക്കിനെ തുടർന്ന് ദേവിക ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് നിഗമനം.
ദേവികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുട്ടിയെ പൊലീസ് ശ്രീജിത്തിന്റെ കുടുംബവീട്ടിലെത്തിച്ചു. പാറശാല പൊലീസ് കേസെടുത്തു.
കാപ്ഷൻ....
ദേവിക
ദമ്പതികൾ താമസിച്ചിരുന്ന വട്ടവിളയിലെ വാടക വീട്
ഫോട്ടോ: ശ്രീജിത്തും ഭാര്യ ദേവികയും.