എയർ ഇന്ത്യയുടെ ഗൾഫ് യാത്രാനിരക്കുകൾക്കെതിരെയുള്ള പരാതികൾ ഇത് ആദ്യമല്ല. കെ. മുരളീധരൻ എം.പിയുടെ ഒരു പ്രസ്താവന കേരളകൗമുദിയിൽ വായിച്ചു. 2017 ൽ അന്നത്തെ മുഖ്യമന്ത്രിയും ഇതുപോലൊരു അപേക്ഷ കേന്ദ്രസർക്കാരിന് നൽകിയിരുന്നതായി പത്രത്തിൽ നിന്നറിഞ്ഞു. 1983-84 കാലഘട്ടത്തിൽ അന്നത്തെ ഒരു കേന്ദ്രമന്ത്രി യു.എ.ഇ സന്ദർശിച്ചിരുന്നു. ഇന്ത്യൻ അസോസിയേഷൻ ഷാർജയിലെ ഞാനുൾപ്പെട്ട ഭരണസമിതിയിൽ എയർ ഇന്ത്യ നിരക്കുകൾ പുനഃപരിശോധിക്കണമെന്നുള്ള ഒരു മെമ്മോറാണ്ടം മന്ത്രിക്ക് സമർപ്പിച്ചിരുന്നു. രണ്ടുദിവസം കഴിഞ്ഞ് അദ്ദേഹം യു.എ.ഇയിൽ നിന്നും മടങ്ങിപ്പോയി. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ വേസ്റ്റ് ബക്കറ്റിൽനിന്നും കിട്ടിയ പരാതികളുടെ കൂട്ടത്തിൽ ഞങ്ങൾ കൊടുത്തതും ഉണ്ടായിരുന്നു.
1991 ൽ കേന്ദ്ര സർക്കാരിന് ഞാൻ ഒരു അപേക്ഷ ഷാർജയിൽ നിന്നും കൊടുത്തിരുന്നു. എന്നാൽ അതിന്റെ മറുപടി വളരെ വിചിത്രമായിരുന്നു. അന്നത്തെ എം.പി ആയിരുന്ന എ.കെ. ആന്റണിക്ക് വീണ്ടും ഞാൻ ആ അപേക്ഷ നൽകിയിരുന്നെങ്കിലും തുടർ നടപടികളൊന്നും ഫലം കണ്ടില്ല എന്നുള്ളത് വളരെ വേദനയോടെ ഒാർക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ രാഷ്ട്രീയ നേതാക്കൾ പ്രവാസികളുടെ ഇൗ പ്രശ്നം തമാശയായിട്ടാണ് കാണുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവരുടെ തിരക്കേറിയ ജനസേവനത്തിനിടയിൽ പ്രവാസികളുടെ അപേക്ഷ കേൾക്കാനുള്ള സമയക്കുറവ് കൊണ്ടായിരിക്കാം. എന്നാൽ സ്വന്തം പാർട്ടിയുടെതന്നെ സർക്കാരാണ് ഭരിക്കുന്നതെങ്കിൽ സാങ്കേതിക തടസങ്ങൾ പോലുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അവഗണിക്കുകയാണ് കണ്ടുവരുന്നത്. ഇനിയെങ്കിലും ഇതിനൊരു ശാശ്വതമായ തീരുമാനം ഉണ്ടായാൽ 1984 മുതൽ കാത്തിരിക്കുന്നവർക്ക്, എന്നെപ്പോലുള്ളവർക്ക് സന്തോഷിക്കാം. ഞാൻ ഇന്ന് പ്രവാസിയല്ലെങ്കിലും ഇന്നത്തെ പ്രവാസിലോകത്തിന് ഇതൊരു വലിയ ആശ്വാസമായിരിക്കും.
പി. അശോകൻ
പട്ടം, തിരുവനന്തപുരം