വിതുര:കളക്ഷൻ കൂട്ടാനും യാത്രാക്ലേശം പരിഹരിക്കാനും കെ.എസ്.ആർ.ടി.സി വിതുര ഡിപ്പോ നടത്തിയ പരിഷ്കാരങ്ങൾ ഒരർത്ഥത്തിൽ തുഗ്ലക് പരിഷ്കാരമായി.അശാസ്ത്രീയമായി നടപ്പിലാക്കിയ ഷെഡ്യൂൾ പരിഷ്കാരമാണ് നാട്ടുകാർക്ക് ദുരിതവും കോർപ്പറേഷന് നഷ്ടവും സമ്മാനിച്ചത്.പരിഷ്കാരത്തിലൂടെ
കളക്ഷൻ കുത്തനെ ഇടിയുകയും യാത്രാദുരിതം ഇരട്ടിക്കുകയും ചെയ്തു. വർഷങ്ങളായി മികച്ച കളക്‌ഷനുമായി ജനോപകാരപ്രദമായി ഒാടിയ ഫാസ്റ്റ് സർവീസുകളാണ് നിലച്ചത്. ഇരുപതിനായിരം മുതൽ മുപ്പതിനായിരം രൂപ വരെയാണ് മിക്ക ദീർഘദൂര സർവീസുകളുടെയും കളക്‌ഷൻ.പുതിയ പരിഷ്കരണം മൂലം എം.സി റോഡിലെ തിരക്കും അപകടങ്ങളും കുറയ്ക്കാൻ കഴിയുമെന്നും കളക്‌ഷൻ കൂട്ടാൻ സാധിക്കുമെന്നുമാണ് കെ.എസ്.ആർ.ടി.സി മേധാവികൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് തലതിരിഞ്ഞ പരിഷ്കാരമാണെന്നും യാത്രാക്ലേശം വർദ്ധിക്കുമെന്നും കെ.എസ്.ആർ.ടി.സിയുടെ നഷ്ടം ഇരട്ടിക്കുമെന്നുമാണ് യൂണിയൻ നേതാക്കളും യാത്രക്കാരും പറഞ്ഞത്.ഫലത്തിൽ പരിഷ്കരണം വിനയായി മാറുകയായിരുന്നു..
പുതിയ പരിഷ്കരണത്തിനെതിരെ ശക്തമായ പ്രതിഷേധവും സമരങ്ങളും അരങ്ങേറിയതിനെതുടർന്ന് ചില ഡിപ്പോകളിൽ സ്ഥിതി പഴയ പടിയിലേക്ക് മാറ്റിയിട്ടുണ്ട്.. ഇടയ്ക്ക് പരിഷ്കരണത്തിന്റെ ഭാഗമായി ആദിവാസിമേഖലകളിലേക്കും തലസ്ഥാനത്തേക്കുമുള്ള അനവധി ബസ് സർവീസുകൾ നിറുത്തലാക്കിയിരുന്നു. യാത്രക്കാർ പ്രതിഷേധിച്ചതോടെ സർവീസുകൾ പുനരാരംഭിച്ചു.നിലവിൽ തിരുവനന്തപുരം-നെടുമങ്ങാട്-വിതുര റൂട്ടിൽ വരെ യാത്രാദുരിതം ഇരട്ടിച്ചിരിക്കുകയാണ്.
ഡിപ്പോയിൽ ഫാസ്റ്റ് സർവീസുകളിൽ നിന്നാണ് മികച്ച കളക്ഷൻ ലഭിച്ചിരുന്നത്.നിറുത്തലാക്കിയ സർവീസുകൾ പുനരാരംഭിച്ചില്ലെങ്കിൽ കളക്ഷൻ ഇനിയും കുറയും.
നിറുത്തലാക്കിയ ഫാസ്റ്റ് സർവീസുകൾ പുനരാരംഭിക്കണമെന്നും,യാത്രാക്ലേശത്തിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് സി.പി.എം വിതുര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര ഡിപ്പോയിലെ കൺട്രോളിംഗ് ഇൻസ്പെക്ടറെ ഉപരോധിച്ചു.സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി എൻ.ഷൗക്കത്തലി,ലോക്കൽസെക്രട്ടറി എസ്.എൻ.അനിൽകുമാർ,പഞ്ചായത്തംഗം ഷാഹുൽനാഥ്അലിഖാൻ,ഷാജിമാറ്റാപ്പള്ളി,സഞ്ജയൻ എന്നിവർ നേതൃത്വം നൽകി.ഡി.വൈ.എഫ് നേതാക്കളും സമരത്തിൽ പങ്കെടുത്തു.ഉപരോധത്തെ തുടർന്ന് നടത്തിയ ചർച്ചയിൽ കൊല്ലം,ചക്കുളത്തുകാവ് ബസ് സർവീസുകൾ പുനരാരംഭിക്കുവാനും,ഒരു ബസ് കൂടി ഡിപ്പോക്ക് നൽകാമെന്നും നെടുമങ്ങാട് ഡി.റ്റി ഒ.സമ്മതിച്ചതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.