guru

ഡാളസ്: ശിവഗിരി മഠത്തിന്റെ ശാഖയായി അമേരിക്കയിൽ സ്ഥാപിക്കുന്ന ശിവഗിരി ആശ്രം ഓഫ് നോർത്ത് അമേരിക്കയിലൂടെ ഗുരുവിന്റെ ഏകലോക ദർശനം ലോകമെങ്ങും പ്രചരിപ്പിക്കണമെന്ന് ശ്രീനാരായണ മന്ദിരസമിതി ചെയർമാനും ശിവഗിരി ആശ്രം ഓഫ് നോർത്ത് അമേരിക്കയുടെ ഇന്റർനാഷണൽ കമ്മിറ്റി ചെയർമാനുമായ എം.ഐ ദാമോദരൻ പറഞ്ഞു.

ടെക് സാസിലെ ഡാളസ് നഗരത്തോട് ചേർന്ന് ഗ്രാന്റ് പ്രയറിൽ മൂന്നര ഏക്കറിൽ സ്ഥാപിക്കുന്ന ശിവഗിരി ആശ്രം ഓഫ് നോർത്ത് അമേരിക്കയുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു ദർശന പ്രചാരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള സെമിനാറുകളും പഠനങ്ങളും ഈ ആശ്രമത്തിലൂടെ നടത്തുമെന്ന് എം.ഐ. ദാമോദരൻ പറഞ്ഞു

ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അഞ്ഞൂറിലധികം ഗുരുദേവ ഭക്തർ പങ്കെടുത്തു. സ്വാമി മുക്താനന്ദയതി, അശോകൻ കൃഷ്ണൻ, മനോജ് കുട്ടപ്പൻ, സുജി വാസവൻ, അരിസോണ ,ജി.ഡി.പി.എസ് സെക്രട്ടറി ശ്രീനി പൊന്നച്ചൻ, മനോജ് തങ്കച്ചൻ, വിവിധ സംസ്ഥാനങ്ങളിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളായ പ്രസന്ന ബാബു ( ന്യൂയോർക്ക് ), ബിന്ദു സജീവ് (വാഷിംഗ്‌ടൺ ഡി.സി എസ് .എൻ.എ പ്രസിഡന്റ് ), കോമളൻ കുഞ്ഞുപിള്ള (ഫിലാഡൽഫിയ എസ് . എൻ. എ പ്രസിഡന്റ് ), പ്രസാദ് കൃഷ്ണൻ, രാജൻകുട്ടി, രേണുക സുരേഷ് (ന്യൂയോർക്ക് എസ്. .എൻ.എ പ്രസിഡന്റ് ), കണ്ണൻ (കാലിഫോർണിയ എസ് .എൻ.എ പ്രസിഡന്റ്, അനൂപ് എന്നിവർ പങ്കെടുത്തു.

ഗുരുദേവന് കാർ വാങ്ങി സമർപ്പിക്കുകയും ശിവഗിരിയിൽ വനജാക്ഷി മന്ദിരം, വനജാക്ഷി മണ്ഡപം എന്നിവ പണിത് സമർപ്പിക്കുകയും ചെയ്ത ആലുംമൂട്ടിൽ ചാന്നാരുടെ പിന്മുറക്കാനും ഗുരുവിന്റെ തിരുശേഷിപ്പായ ദിവ്യദന്തം നിധി പോലെ അമേരിക്കയിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഡോ .ശിവദാസൻ മാധവൻ ചാന്നാർ മുഖ്യാതിഥിയായി. ശിവഗിരി മഠത്തിൽ ഗുരുദേവ റിക്ഷ കമനീയമായി സൂക്ഷിക്കുന്നതിന് റിക്ഷാ മണ്ഡപം സംഭാവനയായി പണിതുനൽകിയ വ്യവസായി ചന്ദ്രബാബു, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ആൻഡ് ആസ്റ്റിനിലെ മലയാളം പ്രൊഫസർ ദർശന മനയത്ത് ശശി എന്നിവർ സംസാരിച്ചു. ആശ്രമ സമുച്ചയത്തിന്റെ ഒന്നാം ഘട്ടമായ ഗുരുധ്യാന മന്ദിരവും കോൺഫറൻസ് ഹാളും അതിഥി മന്ദിരവും ഉൾപ്പെടെ ആറായിരം സ്‌ക്വയർ ഫീറ്റ് മന്ദിരം 2020 ഒക്ടോബറിൽ ഗുരുദേവന് സമർപ്പിക്കും. ഇന്ത്യയിലെയും അമേരിക്കയിലെയും പൊതുജനങ്ങൾ ഇതുമായി സഹകരിക്കണമെന്ന് സ്വാമി ഗുരുപ്രസാദ് അഭ്യർത്ഥിച്ചു.