ramesh-chennithala

തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കേരളകോൺഗ്രസിന് തന്നെ നൽകാൻ യു.ഡി.എഫ് യോഗത്തിൽ ധാരണയായി. കേരളകോൺഗ്രസിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാണെന്നും യോഗത്തിന് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പാലായിലെ ജനങ്ങൾ അരനൂറ്റാണ്ടിലേറെയായി കെ.എം മാണിക്ക് നൽകിയ അംഗീകാരം തുടരും. കേരളകോൺഗ്രസിലെ ഇരു വിഭാഗങ്ങളുമായുമുള്ള ചർച്ചകൾ തുടരും. വരും ദിവസങ്ങളിൽ എല്ലാവരുമായും യോജിച്ച് സ്ഥാനാർത്ഥി നിർണയം നടത്തും. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ ഒമ്പതംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. വി.ഡി. സതീശൻ, വി.കെ. ഇബ്രാഹിം കുഞ്ഞ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഷിബു ബേബി ജോൺ, ജോണി നെല്ലൂർ, ജോൺ ജോൺ, സി.പി. ജോൺ, ദേവരാജൻ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം പുറത്തു വന്ന കോടിയേരിയുടെ പ്രസ്താവന ഇടതുമുന്നണി ആദ്യഘട്ടത്തിൽ തന്നെ പരാജയം സമ്മതിച്ചതിന്റെ ലക്ഷണമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.