തിരുവനന്തപുരം: സർക്കാരിന്റെ ധൂർത്തിലും അഴിമതിയിലും പ്രതിഷേധിച്ച് സെപ്തംബർ മൂന്നിന് ജില്ലാ തലങ്ങളിൽ രാപ്പകൽ സമരം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ യു.ഡി.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരിക്കും സമരം സംഘടിപ്പിക്കുന്നത്. അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
ശബരിമല വിഷയത്തിൽ യു.ഡി.എഫ് സ്വീകരിച്ചിരുന്ന നിലപാടിന് പിന്നാലെ ഇപ്പോൾ സി.പി.എം വരുന്നത് അത്ഭുതത്തോടെയാണ് കാണുന്നത്. യുവതികളെ പ്രവേശിപ്പിക്കാനുള്ള തിടുക്കപ്പെട്ടുള്ള തീരുമാനം തെറ്റായിരുന്നെന്ന് മുഖ്യമന്ത്രി പറയണം. അദ്ദേഹം തെറ്റുതിരുത്തി ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണം.
കഴിഞ്ഞ ദിവസം കണ്ണൂരിൽ പ്രളയരക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഒരു സ്ത്രീയോട് ക്ഷോഭിച്ചതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. മാന്യമായി പെരുമാറണമെന്ന സി.പി.എം തീരുമാനം ഇങ്ങനെയാണോ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
മോദിയെ മഹത്വവത്കരിക്കേണ്ടത് കോൺഗ്രസ് നേതാക്കളുടെ ഉത്തരവാദിത്വമല്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. ഒരു സർക്കാരിന്റെ നയങ്ങളെയും പരിപാടിയെയും വിമർശിക്കുമ്പോൾ പ്രധാനമന്ത്രിയെ വിമർശിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു