അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിൽ കളംനിറഞ്ഞു കളിച്ച കെ. പങ്കജാക്ഷൻ ഒാർമ്മയായിട്ട് ഏഴാണ്ട് തികയുന്നു. വിപ്ളവ സോഷ്യലിസ്റ്റ് പാർട്ടിയുടെ അമരക്കാരനായിരുന്ന, അഞ്ചുതവണ സംസ്ഥാന മന്ത്രിയായിരുന്ന കെ. പങ്കജാക്ഷനെ സംശുദ്ധ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും മികച്ച മാതൃകയായി മാത്രമേ ചരിത്രം വിലയിരുത്തൂ എന്നെനിക്കുറപ്പാണ്. സമരവീര്യവും ആദർശവും കൈമുതലാക്കിയ അപൂർവം നേതാക്കളുടെ ഗണത്തിൽ പ്രഥമ ഗണനീയനായിരുന്നു കെ. പങ്കജാക്ഷൻ.
എൻ. ശ്രീകണ്ഠൻ നായർക്കും ബേബിജോണിനും ശേഷം കേരളത്തിൽനിന്ന് ആർ.എസ്.പിയുടെ അമരക്കാരനായെത്തിയ നേതാവാണ് കെ. പങ്കജാക്ഷൻ. 1970 മുതൽ രണ്ട് പതിറ്റാണ്ടോളം കേരള നിയമസഭാംഗമെന്ന നിലയിൽ പാർലമെന്ററി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തിരുവനന്തപുരത്ത് പേട്ടയിലെ പ്രശസ്തമായ തോപ്പിൽ കുടുംബാംഗമായിരുന്നു. 1927 ഡിസംബറിൽ ജനിച്ച പങ്കജാക്ഷൻ 1943 കാലഘട്ടത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തിനെതിരായ പ്രക്ഷോഭങ്ങളിൽ സജീവ പങ്കാളിയായ പങ്കജാക്ഷൻ, കേരളത്തെ രാജ്യാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് നയിച്ച പോരാട്ടങ്ങളിലെ മുന്നണിപ്പടയാളിയായിരുന്നു. ആർ.എസ്.പിയിലെ യുവനേതാക്കൾക്ക് എക്കാലവും തണൽ മരമായി നിന്ന നേതാവായിരുന്നു അദ്ദേഹം.
സ്വന്തം പ്രസ്ഥാനത്തിലെ അതികായന്മാരെ പോലെ ട്രേഡ് യൂണിയൻ രംഗത്ത് വരുംതലമുറകൾക്ക് പഠിക്കാനും അനുകരിക്കാനുമുള്ള തീവ്രമായ അനുഭവങ്ങൾ സമ്മാനിച്ച നേതാവായിരുന്നു കെ. പങ്കജാക്ഷനും. പേട്ടയിൽ അല്പസ്വല്പം തടിമിടുക്ക് കാട്ടിയും ഗുസ്തി അഭ്യസിച്ചുമൊക്കെ കഴിഞ്ഞുകൂടിയ പങ്കജാക്ഷൻ, ജ്യേഷ്ഠ സഹോദരനും ആദ്യകാല കോൺഗ്രസ്, കെ.എസ്.പി നേതാവുമൊക്കെയായിരുന്ന സദാനന്ദ ശാസ്ത്രിയുടെ സ്വാധീനത്താലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. തിരുവനന്തപുരത്ത് സെന്റ് ജോസഫ് ഹൈസ്കൂളിൽ പഠിക്കാനെത്തിയതോടെ പങ്കജാക്ഷൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. കെ.സി.എസ്. മണി സർ സി.പിയെ വെട്ടിയ ഐതിഹാസിക സംഭവം പങ്കജാക്ഷനിലെ രാഷ്ട്രീയ പ്രവർത്തകനെ കുറച്ചൊന്നുമല്ല ആവേശം കൊള്ളിച്ചത്. ദിവാൻ ഡൽഹിയിൽ നിന്നെത്തിയോ എന്നറിയാനുള്ള രഹസ്യദൗത്യം അന്ന് കെ.സി.എസ്. മണി ഏല്പിച്ചത് പങ്കജാക്ഷനെയായിരുന്നു.
സ്വതന്ത്ര തിരുവിതാംകൂർ പ്രക്ഷോഭകാലത്ത് സ്വതന്ത്ര തിരുവിതാംകൂർ വിരുദ്ധയോഗങ്ങളെ ദിവാൻ അന്നത്തെ അഞ്ചുരൂപ പൊലീസിനെയും വാടകഗുണ്ടകളെയും വിട്ട് കലക്കുക പതിവായിരുന്നു. വി.ജെ.ടി ഹാളിൽ ദിവാൻ മുൻകൈയെടുത്ത് നടത്തിയ യോഗം അലങ്കോലപ്പെടുത്തിയാണ് വിദ്യാർത്ഥി പ്രക്ഷോഭകർ ദിവാനോട് കണക്ക് തീർത്തത്. ഇതിന്റെ മുൻപന്തിയിൽ പങ്കജാക്ഷനും ജ്യേഷ്ഠൻ സദാനന്ദശാസ്ത്രിയുമൊക്കെയുണ്ടായിരുന്നു. ചവറ സംഭവമെന്ന് അറിയപ്പെട്ട തൊഴിലാളി സമരത്തോടനുബന്ധിച്ച് ആർ.എസ്.പിയിലെ മുന്നൂറിലധികം വരുന്ന പ്രവർത്തകരെയും തൊഴിലാളികളെയും നയിച്ച് സെക്രട്ടേറിയറ്റിനകത്ത് അതിക്രമിച്ചുകയറി പഴയ നിയമസഭാമന്ദിരത്തിന് മുന്നിൽ പിക്കറ്റിംഗ് നടത്തിയ പങ്കജാക്ഷനും കൂട്ടരും പൊലീസിന്റെ കൊടിയ മർദ്ദനമാണ് ഏറ്റുവാങ്ങിയത്. 1982 ൽ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി ഒാഫീസിൽ ഒാഫീസ് അസിസ്റ്റന്റായി എത്തിയപ്പോൾ തുടങ്ങിയതാണ് കെ. പങ്കജാക്ഷനുമായുള്ള എന്റെ അടുപ്പം. എന്താവശ്യത്തിനും അദ്ദേഹം എന്നെയാണ് വിളിച്ചിരുന്നത്. മോനേ എന്ന് നീട്ടിയുള്ള ആ വിളിയിൽ വാത്സല്യം നിറഞ്ഞുതുളുമ്പിയിരുന്നു. അവസാനകാലം വരെയും മാസംതോറും പെൻഷൻ വാങ്ങി വീട്ടിലെത്തിച്ച് കൊടുത്തിരുന്നത് ഞാനായിരുന്നു. എല്ലാ ഒാണത്തിനും എന്തെങ്കിലുമൊക്കെ അദ്ദേഹം എന്റെ കൈയിൽ വച്ചുതരും. സന്തോഷത്തോടെ ഞാനത് സ്വീകരിക്കും. മരിക്കുന്നതിന് തൊട്ടുമുമ്പത്തെ ഒാണത്തിന് ഒരാഴ്ച മുൻപ് എന്നെ വിളിച്ചുവരുത്തി. 1500 രൂപ കൈയിൽ ചുരുട്ടിപ്പിടിച്ച് എന്നേയും കാത്തിരിക്കുകയായിരുന്നു അദ്ദേഹം. എന്നെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞുതൂവിയിരുന്നു.
ഒരുപാട് യാത്രകളിൽ അദ്ദേഹത്തെ അനുഗമിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായിട്ടുണ്ട്. ഒാരോ യാത്രയും ഒാരോ അനുഭവങ്ങളായി എന്റെ മനസിലുണ്ട്. ബേബിജോൺ സാർ അസുഖബാധിതനായി കിടക്കുന്ന വേളയിൽ അദ്ദേഹത്തെ കാണാൻ എന്നെയും കൂട്ടി കൊല്ലത്ത് പോയി മടങ്ങിവരുമ്പോൾ കാറിലിരുന്ന് അദ്ദേഹം കൊച്ചുകുട്ടിയെപ്പോലെ പൊട്ടിപ്പൊട്ടി കരയുകയായിരുന്നു. നിഷ്കളങ്ക സ്നേഹത്തിന്റെ നിറകുടമായിരുന്നു കെ. പങ്കജാക്ഷൻ. അഞ്ചുതവണ മന്ത്രിയായിരുന്ന അദ്ദേഹം ഉദ്യോഗസ്ഥയായിരുന്ന ഭാര്യ വായ്പയെടുത്ത് വച്ച വീട്ടിലാണ് താമസിച്ചത്. ഇതുപോലുള്ള നേതാക്കൾ ഇന്നത്തെ കാലത്ത് ഒരദ്ഭുതം തന്നെയാണ്. പങ്കജാക്ഷന് പകരം പങ്കജാക്ഷൻമാത്രം.