joyi-mla-ulkadanam-cheyyu

കല്ലമ്പലം: പത്ര വിതരണത്തിനിടയിൽ പ്രദേശങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ദിനപത്രങ്ങൾ സൗജന്യമായി വിതരണം ചെയ്ത് പത്ര എജന്റ് മാതൃകയാകുന്നു. നാവായിക്കുളം ഡീസന്റുമുക്ക് കണ്ണൻ നിവാസിൽ സുനിൽകുമാറാണ് പത്രങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നത്. പത്തോളം ദിനപത്രങ്ങളുടെ ഏജന്റാണ് സുനിൽകുമാർ. കാത്തിരിപ്പ് കേന്ദ്രങ്ങളിൽ അതിരാവിലെ ഇടുന്ന പത്രം, ബസ് കാത്തുനിൽക്കുന്ന ഉദ്യോഗാർത്ഥികൾക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനമാകുന്നുണ്ട്. ഇവർ വീടുകളിൽ നിന്ന്‍ പുറപ്പെടുമ്പോഴേക്കും പല വീടുകളിലും പത്രങ്ങൾ എത്താറില്ല. ഇവരുടെ നിരന്തരമായുള്ള പരാതിയിലാണ് ഇങ്ങനെ ഒരു ആശയം ഉടലെടുത്തത്. നാവായിക്കുളം, മുക്കുകട, മരുതിക്കുന്ന്‍, മുല്ലനല്ലൂർ, പുതുശ്ശേരിമുക്ക് തുടങ്ങിയ കാത്തിരിപ്പ് കേന്ദ്രങ്ങളിലാണ് സൗജന്യമായി പത്രം വിതരണം ചെയ്തുവരുന്നത്. പ്രദേശത്തെ കൂടുതൽ കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കേരളകൗമുദി കല്ലമ്പലം ലേഖകൻ കൂടിയായ സുനിൽകുമാർ പറഞ്ഞു. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം രാവിലെ അഡ്വ. വി. ജോയ് എം.എൽ.എ മുക്കുകട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്ക് പത്രം നൽകി നിർവഹിച്ചു. ബസ് കാത്തുനിന്ന് മുഷിയുന്നവർക്ക് വളരെ ഉപകാരപ്രദമായ കാര്യമാണിതെന്നും മറ്റുള്ള ഏജന്റുമാരുകൂടി ഇത് മാതൃകയാക്കണമെന്നും കേരളം മുഴുവൻ വ്യാപിക്കാനുള്ള ഒരു തുടക്കം ഇതാകട്ടെയെന്നും എം.എൽ.എ പറഞ്ഞു.