തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊലീസുകാരുടെ തപാൽ ബാലറ്റ് ക്രമക്കേടിന് ഒത്താശ ചെയ്ത ഗസറ്റഡ് ഓഫീസർമാരെ കേസിൽ പ്രതികളാക്കും. മണ്ഡലത്തിന് പുറത്ത് ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസുകാരുടെ തപാൽ ബാലറ്റ് സാക്ഷ്യപ്പെടുത്തിയത് ഈ ഉദ്യോഗസ്ഥരാണ്. സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തട്ടിപ്പിന് പിടിയിലായ പൊലീസുകാർ വെളിപ്പെടുത്താത്തതിനെ തുടർന്ന് ജില്ലാ കളക്ടറിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. തപാൽ ബാലറ്റ് ആവശ്യമുള്ളവർ ഫോം 12 അപേക്ഷ പൂരിപ്പിച്ച് വരണാധികാരിയായ ജില്ലാ കളക്ടർക്ക് അയയ്ക്കുമ്പോൾ, ഫോം 13 തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് അയച്ചുകൊടുക്കുകയാണു നടപടി. അതിൽ തപാൽ ബാലറ്റുമുണ്ടാകും. ഗസറ്റഡ് ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയ ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം, രണ്ടു കവറിലാക്കി വരണാധികാരിക്കു മടക്കിനൽകണം. അപേക്ഷകർ നിർദ്ദേശിക്കുന്ന വിലാസത്തിൽ ബാലറ്റ് അയച്ചുകൊടുക്കുന്നതിന് പകരം ഇടനിലക്കാർ നിർദ്ദേശിച്ച വിലാസത്തിൽ ഇവ കൈവശപ്പെടുത്തുകയായിരുന്നു. തുടർന്ന് അവർ തന്നെയാണു സാക്ഷ്യപ്പെടുത്തേണ്ട ഗസറ്റഡ് ഓഫീസർമാരെ നിശ്ചയിച്ചതും വോട്ട് ചെയ്തശേഷം ബാലറ്റ് തിരിച്ചു നൽകിയതും. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർ, ആശുപത്രി ലേ ഓഫീസർമാർ, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ, ഫാമിംഗ് കോർപറേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ തട്ടിപ്പിനു കൂട്ടുനിന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. സ്ഥലംമാറ്റ ഭീഷണി മുഴക്കിയുള്ള പൊലീസ് അസോസിയേഷൻ നേതാക്കളുടെ സമ്മർദ്ദപ്രകാരം, വോട്ടർമാരെ കാണാതെതന്നെ ഇവർ ബാലറ്റ് സാക്ഷ്യപ്പെടുത്തി. ഗസറ്റഡ് പദവിയില്ലാത്ത എസ്.ഐയും ബാലറ്റുകൾ സാക്ഷ്യപ്പെടുത്തി. പോസ്റ്റൽ ബാലറ്റുകൾ ചട്ടവിരുദ്ധമായി തെറ്റായ വിലാസത്തിൽ ശേഖരിച്ച സംഘടനാ നേതാക്കൾ, സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഓഫീസർമാർ എന്നിവർക്കെതിരെ കേസെടുക്കും. ആറ് മാസം വരെ തടവും പിഴയും അല്ലെങ്കിൽ രണ്ടും കൂടിയുമാണ് ശിക്ഷ. ബാലറ്റുകൾ വ്യാജ വിലാസത്തിൽ ശേഖരിച്ച ഐ.ആർ ബറ്റാലിയനിലെ പൊലീസുകാരായ അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെ നടപടിയുണ്ടാവും.