നെയ്യാറ്റിൻകര: രണ്ടര മാസം ഗർഭിണിയായ വീട്ടമ്മയെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടും വട്ടവിളയിലെ ഏതാനും പേർ മാത്രമാണ് വിവരം അറിഞ്ഞത്. ചെങ്കൽ വട്ടവിള കാട്ടിലുവിളയിലെ വീട്ടിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കാണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ഫോറൻസിക് ഉദ്യോഗസ്ഥരെത്തിയപ്പോഴും പരിസര വീട്ടുടമയായ ഒരു സ്ത്രീയും സമീപ വാസികളായ മറ്റ് രണ്ടു പേരുമല്ലാതെ പരിസര വാസികളാരും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. പൂട്ടിയിട്ടിരിക്കുന്ന വീടും പിരസരവും ആളനക്കമില്ലാതെ മൂകമാണ്. ശ്രീജിത്തും ദേവികയും ഒന്നര മാസം മുൻപാണ് ഇവിടെ വാടകയ്ക്കെത്തിയത്. സമീപത്തായി കൂടുതൽ വീടുകളൊന്നും ഇല്ലെങ്കിലും തൊട്ടടുത്ത അയൽക്കാരുമായി ദേവിക നല്ല അടുപ്പത്തിലായിരുന്നു. രാത്രി 9.30 ഓടെ ശ്രീജിത്തിന്റെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ദേവികയുടെ ശരീരം ഏതാണ്ട് കത്തിക്കരിഞ്ഞിരുന്നു. ശ്രീജിത്തിനെയും ദേവികയേയും നാട്ടുകാർ നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചു. നാല്പത്തിയഞ്ചു ശതമാനം പൊള്ളലേറ്റ ശ്രീജിത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ചെറിയകൊണ്ണി മണമ്പൂർ ശിവാലയത്തിൽ നാരയണൻകുട്ടി- ശൈലജ ദമ്പതികളുടെ രണ്ടു പെൺകുട്ടികളിൽ ഇളമകളാണ് നഴ്സിംഗ് പൂർത്തിയാക്കിയ ദേവിക. കഴിഞ്ഞ വെള്ളിയാഴ്ച ദേവിക സ്വന്തം വീട്ടിലേക്കും അവിടെ നിന്ന് ഡോക്ടറുടെ വീട്ടിലേക്കും പോയിരുന്നു. തിരികെ വന്നപ്പോൾ ഒരു കുപ്പി മണ്ണെണ്ണയും കൊണ്ടു വന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയെന്ന് കേസ് അന്വേഷിക്കുന്ന പാറശാല പൊലീസ് പറയുന്നു. അതേ സമയം ഭർത്താവിന്റെ അമിത മദ്യപാനം കാരണം ദേവിക ദുഃഖിതയായിരുന്നെന്ന് അയൽവാസിയായ വീട്ടമ്മ പറഞ്ഞഉ. മരിക്കുന്നതിന് ഏതാനും മണിക്കൂർ മുമ്പ് ഇവർ തമ്മിൽ സംസാരിച്ചിരുന്നു. ദേവികയുടെ ഇടതു കൈയിൽ മുൻപ് എടുത്ത വാക്സിനേഷൻ പഴുത്ത് സെപ്റ്റിക്കായിരുന്നു. നിരന്തരം ഓപ്പറേഷൻ നടത്തിയ മുറിവിൽ നിന്ന് ചോര വാർന്നിരുന്നതായും അയൽക്കാർ പറയുന്നു.ഏക മകൻ അഞ്ചു വയസുകാരനായ ദേവദത്തിനെ കാറിൽ കൊണ്ടുവന്ന് കിടത്തി ഉറക്കിയതിൽ ദുരൂഹതയുള്ളതായി പൊലീസ് പറയുന്നു. ആത്മഹത്യാ കുറിപ്പൊന്നും ലഭിക്കാത്തതിനാൽ ഇത് ആത്മഹത്യയല്ലെന്നാണ് അയൽക്കാരുടെ പക്ഷം. ഇന്നലെ വൈകിട്ട് ഫോറൻസിക് വിദഗ്ദ്ധരെത്തി വിശദമായ പരിശോധന നടത്തി. മണ്ണെണ്ണക്കുപ്പിയും മറ്റ് ചില സാധനങ്ങളും വിദഗ്ദ്ധ പരിശോധനക്കായി കൊണ്ടു പോയി.
മൃതദേഹം സംസ്കരിച്ചു
ദേവികയുടെമൃതദേഹം തൈയ്ക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംസ്കാരം.