kerala-congress

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിൽ കെ.എം. മാണിക്ക് പകരക്കാരനായുള്ള സ്ഥാനാർത്ഥിയെ ആര് നിശ്ചയിക്കണമെന്നതിനെ ചൊല്ലി പി.ജെ. ജോസഫ്, ജോസ് കെ. മാണി പക്ഷങ്ങൾ തമ്മിലുള്ള തർക്കത്തിന് അയവില്ല. ഇന്നലെ യു.ഡി.എഫ് യോഗത്തിലും പിന്നീട് ഇരുവിഭാഗങ്ങളുമായി വെവ്വേറെ നടത്തിയ ചർച്ചയിലും ഇരു പക്ഷവും അവരുടെ നിലപാടുകളിൽ ഉറച്ചുനിന്നു. അടുത്ത ദിവസങ്ങളിൽ ഇരുവിഭാഗങ്ങളുമായി ചർച്ച ചെയ്ത് 30നകം ധാരണയാവാനാണ് നീക്കം.

അമ്പത്തിനാല് കൊല്ലമായി കെ.എം. മാണിയുടെ സീറ്റായി തുടരുന്ന പാലാ, അതുകൊണ്ടുതന്നെ കേരള കോൺഗ്രസ്-എമ്മിന് തന്നെ വിട്ടുനൽകാനാണ് ഇന്നലെ യു.ഡി.എഫ് തീരുമാനിച്ചത്. തർക്കം തീരാതെ സ്ഥാനാർത്ഥിപ്രഖ്യാപനം സാദ്ധ്യമല്ലെന്നതും നാമനിർദ്ദേശപത്രികാസമർപ്പണം വ്യാഴാഴ്ച ആരംഭിക്കുമെന്നതും യു.ഡി.എഫിന് വെല്ലുവിളി ഉയർത്തുകയാണ്. തർക്കം തീരുന്നില്ലെങ്കിൽ യു.ഡി.എഫ് എന്ന നിലയ്ക്ക് തീരുമാനം പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയുണ്ട്.

എല്ലാ ഘടകകക്ഷികളുമായി ചർച്ച ചെയ്താണ് കേരള കോൺഗ്രസ്-എമ്മിന് സീറ്റ് വിട്ടുനൽകാനുള്ള തീരുമാനത്തിൽ യു.ഡി.എഫ് നേതൃത്വമെത്തിയത്. എന്നാൽ, കേരള കോൺഗ്രസിനകത്തെ തർക്കങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികൾ നിർദ്ദേശിച്ചു. വേണ്ടിവന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് അന്ത്യശാസനം നൽകണമെന്നാണ് ലീഗിന്റെ അഭിപ്രായം. ഇതേത്തുടർന്നാണ് ജോസഫ്, ജോസ് വിഭാഗങ്ങളുമായി പ്രത്യേകം ചർച്ച യു.ഡി.എഫ് നേതൃത്വം നടത്തിയത്.

കെ.എം. മാണി മത്സരിച്ചിരുന്ന സീറ്റായത് കൊണ്ടുതന്നെ മാണിവിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് എല്ലാവരും സമ്മതിക്കുന്നു. മാണിയോടുള്ള വൈകാരികമായ അടുപ്പം തിരഞ്ഞെടുപ്പിൽ സഹതാപതരംഗമാകുമെന്ന കണക്കുകൂട്ടലുണ്ട്. ഇക്കാര്യത്തിൽ ജോസ് വിഭാഗത്തിന് താത്പര്യമുള്ള സ്ഥാനാർത്ഥി വരാനുള്ള സാദ്ധ്യതയാണ് കാണുന്നതും. സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതും ചിഹ്നമനുവദിക്കുന്നതും തങ്ങളായിരിക്കുമെന്നാണ് പക്ഷേ ജോസഫിന്റെ നിലപാട്. ഉഭയകക്ഷി ചർച്ചയിൽ, ജയസാദ്ധ്യതയും പൊതുസ്വീകാര്യതയുമുള്ളയാൾ സ്ഥാനാർത്ഥിയാവണമെന്ന് ജോസഫ് നിർദ്ദേശിച്ചത് യു.ഡി.എഫ് അംഗീകരിച്ചിട്ടുണ്ട്. കെ.എം. മാണിയുടെ നിര്യാണവുമായി ബന്ധപ്പെട്ട വൈകാരികപ്രശ്നമെന്ന നിലയ്ക്ക് ജോസഫ് വഴങ്ങുമെന്ന് നേതൃത്വം കരുതുന്നു.

ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത ഒരു വിഭാഗത്തിന്റെ നടപടി കോടതി അംഗീകരിക്കാത്ത സ്ഥിതിക്ക് ചിഹ്നമനുവദിക്കുന്നതിനുൾപ്പെടെയുള്ള അധികാരം ആക്ടിംഗ് ചെയർമാനെന്ന നിലയ്ക്ക് പി.ജെ. ജോസഫിനാണെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം. ഇത് പക്ഷേ ജോസ് കെ. മാണി വിഭാഗത്തിന് സ്വീകാര്യമല്ല. കെ.എം. മാണിയുടെ സീറ്റിൽ സ്ഥാനാർത്ഥിയെ തങ്ങൾ തീരുമാനിച്ച് പ്രഖ്യാപിക്കുമെന്നവർ യു.ഡി.എഫ് നേതൃത്വത്തോട് വ്യക്തമാക്കി. ചിഹ്നവുമായി ബന്ധപ്പെട്ട് തർക്കം വന്നാൽ കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷനും തീരുമാനിക്കട്ടെയെന്നും അവർ പറഞ്ഞു. രണ്ട് കൂട്ടരുടെയും ഈ നിലപാടുകളാണ് ചർച്ച വഴിമുട്ടിച്ചിരിക്കുന്നത്.

ചെയർമാൻ പ്രശ്നത്തിൽ ജോസ് കെ. മാണി നൽകിയ അപ്പീലിൽ കട്ടപ്പന കോടതിയുടെ വിധി ഇന്നുണ്ടാവുമെന്നതിനാൽ അതിലേക്കും ഇരുവിഭാഗവും ഉറ്റുനോക്കുന്നുണ്ട്.

പാലാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമലവിഷയം വീണ്ടും സജീവമാക്കാനും സർക്കാരിനെതിരെ പ്രത്യക്ഷസമരപരിപാടികൾ ശക്തമാക്കാനും യു.ഡി.എഫ് യോഗത്തിൽ ധാരണയായി. പ്രളയം, പി.എസ്.സി വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയുള്ള സമരപരിപാടികളുണ്ടാവും. ശബരിമല വിഷയത്തിൽ സി.പി.എമ്മും സർക്കാരും രണ്ട് തട്ടിലെന്ന് വരുത്തി പ്രചാരണമാരംഭിക്കും.