തിരുവനന്തപുരം: സിസ്റ്റർ അഭയ വധക്കേസിന്റെ വിചാരണ ആരംഭിച്ച ഇന്നലെ കേസിൽ ആദ്യമായി വിസ്തരിച്ച 50-ാം സാക്ഷി സിസ്റ്റർ അനുപമ കൂറുമാറി. പ്രത്യേക സി.ബി.എെ കോടതിയിലെ വിചാരണയ്ക്കിടെയാണ് അനുപമയുടെ കൂറുമാറ്റം. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം പയസ് ടെൻത് കോൺവെന്റിലെ അടുക്കളയിൽ അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കണ്ടെന്ന് അനുപമ ആദ്യം സി.ബി.ഐക്ക് മൊഴി നൽകിയിരുന്നു. എന്നാൽ ഇന്നലെ നടന്ന കേസിന്റെ വിസ്താര വേളയിൽ താൻ അങ്ങനെ മൊഴി നൽകിയിട്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു.
കോൺവെന്റിലെ സിസ്റ്റർ അഭയയുടെ തൊട്ടടുത്ത മുറിയിലാണ് സിസ്റ്റർ അനുപമയും താമസിച്ചിരുന്നത്.
അടുക്കളയിലെ ഫ്രിഡ്ജ് തുറന്ന് കിടക്കുന്നതും തുറന്ന് കിടന്ന കുപ്പിയിൽ നിന്ന് വെള്ളം ഒഴുകുന്നതും കണ്ടിരുന്നെന്നും ഇവർ സി.ബി.എെക്ക് മൊഴി നൽകിയിരുന്നു. ഫ്രിഡ്ജിന് സമീപം കെെക്കോടാലിയുണ്ടായിരുന്നു. അടുക്കളയിൽ പിടിവലി നടന്നതിന്റെ ലക്ഷണം ഉണ്ടായിരുന്നതായും ഇവർ നേരത്തേ മൊഴി നൽകിയിരുന്നു. ഈ മൊഴികളെല്ലാം അനുപമ കോടതിയിൽ മാറ്രിപ്പറഞ്ഞു.
വിചാരണ തിങ്ങിനിറഞ്ഞ കോടതി മുറിയിലാണ് നടന്നത്. വിചാരണ കാണാൻ പ്രതികളോടൊപ്പം വെെദികരും സിസ്റ്റർമാരുമടക്കം നിരവധിപേർ എത്തിയിരുന്നു. വിചാരണ വേളയിൽ ജപമാലയുമായി വെെദികർ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഇതിനിടെ കോടതിയിലെ തിരക്ക് കാരണം പ്രതികളോടൊപ്പം എത്തിയ ഒരാൾ
പ്രതിക്കൂട്ടിൽ കയറി ഇരുന്നത് ആശങ്ക പരത്തി. കോടതി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അയാളെ നീക്കി.
ഇന്നലെ വിസ്തരിക്കാൻ കോടതി സമൻസ് നൽകിയിരുന്ന രണ്ട് സാക്ഷികൾ മരിച്ചു പോയ കാര്യം പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പയസ് ടെൻത് കോൺവെന്റിലെ മുൻ മദർ സുപ്പീരിയർ സിസ്റ്രർ ലൂസിയ, സിസ്റ്രർ അഭയയുടെ പിതാവ് തോമസ് എന്ന തോമാച്ചൻ എന്നിവരാണ് വിചാരണയ്ക്ക് മുൻപ് മരിച്ചത്. ഇന്ന് കേസിലെ നാലാം സാക്ഷി സഞ്ചു പി. മാത്യൂ, അഞ്ചാം സാക്ഷി അടയ്ക്കാരാജു എന്ന രാജു, ആറാം സാക്ഷി ചെല്ലമ്മ ദാസ് എന്ന ദാസ് എന്നിവരെയാണ് വിസ്തരിക്കാൻ കോടതി നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ ചെല്ലമ്മ ദാസ് നാല് വർഷം മുൻപേ മരിച്ചു.